നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്ന് ജീവന് ഭീഷണിയെന്ന് ജിഗ്നേഷ് മേവാനി
ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ജീവന് ഭിഷണിയുണ്ടെന്ന് വ്യക്തമാക്കി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനി. എസിസി/ എസ്ടി സെല്‍ എഡിജിപി രാജ്കുമാര്‍ പാണ്ഡ്യനെതിരെയാണ് എംഎല്‍എയുടെ ആരോപണം. താനോ കുടുംബാംഗങ്ങളോ ബാബ സിദ്ദിഖിയെ പോലെ കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദി രാജ്കുമാര്‍ പാണ്ഡ്യന്‍ മാത്രമായിരിക്കുമെന്ന് ജിഗ്നേഷ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഏഴ് വര്‍ഷം ജയിലില്‍ കിടന്ന ഈ ഉദ്യോഗസ്ഥന്റെ സ്വഭാവം ഗുജറാത്ത് സംസ്ഥാനത്തിന് മുഴുവന്‍ അറിയാമെന്നും ജിഗ്നേഷ് കുറിച്ചു. എന്തുതന്നെ സംഭവിച്ചാലും രാജ്യത്തെയും ഗുജറാത്തിലെയും ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ബഹുജനങ്ങളുടെയും അന്തസിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഗുജറാത്തിലെ ദളിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെ രാജ്കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ജിഗ്നേഷ് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഗുജറാത്ത് അസംബ്ലി സ്പീക്കര്‍ക്ക് കത്തും നല്‍കിയിരുന്നു. കച്ച്, സുരേന്ദ്രനഗര്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍ ദലിതര്‍ക്ക് അനുവദിച്ച ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാമാണ് പാണ്ഡ്യനെ കാണാന്‍ പോയതെന്നും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് പകരം അദ്ദേഹം അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും മേവാനി പറഞ്ഞു. യോഗത്തിനായി ചേംബറില്‍ പ്രവേശിച്ച ഉടന്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പുറത്ത് വെക്കാന്‍ പാണ്ഡ്യന്‍ ആവശ്യപ്പെട്ടെന്നും അതിന്റെ നിയമ വശങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥന്‍ പ്രകോപിതനായെന്നുമാണ് ജിഗ്നേഷ് ആരോപിക്കുന്നത്.
2005 നവംബറില്‍ നടന്ന സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനാണ് രാജ്കുമാര്‍. അറസ്റ്റിലായ ഇയാളെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു. ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡിന്റെ ഭാഗമായിരുന്നു അന്ന് രാജ്കുമാര്‍. ഈ സ്‌ക്വാഡ് ആണ് സൊറാബുദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയും അന്ന് കസ്റ്റഡിയില്‍ എടുത്തത്. ഹൈദരബാദില്‍ നിന്ന് പുറപ്പെട്ട ബസില്‍ യാത്രചെയ്യുകയായിരുന്ന ഇവരെ ബസ് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്ത് അഹമ്മദബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് കേസ്. പൊലീസ് അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ് കുറ്റകൃത്യം നടത്തിയതെന്ന് സിബിഐ ആരോപിച്ചിരുന്നു.