നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വീണ്ടും ബോംബ് ഭീഷണി; എയർ ഇന്ത്യയുടെ ഡൽഹി - ചിക്കാഗോ വിമാനം കാനഡയിൽ ഇറക്കി
ന്യൂഡൽഹി∙ ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി - ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി. എഐ 127 നമ്പർ വിമാനത്തിലാണ് ബോംബ് ഭീഷണി. യാത്രക്കാരും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അടുത്തിടെയായി എയർ ഇന്ത്യയുടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതാണെന്നും വാർത്താക്കുറിപ്പിൽ കമ്പനി പറയുന്നു. ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതിനു പിന്നാലെ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍നിന്ന് ന്യൂയോര്‍ക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനായിരുന്നു ഭീഷണി.