നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമികുംഭകോണ കേസിൽ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നാണ് വാദം. അതിനിടെ വിഷയത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ക്യാമ്പയിനും ഇന്ന് തുടക്കമാകും. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച ഭരണകക്ഷി എംഎൽഎമാരുടെ യോഗം ചേരും.അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി രാജിവെക്കില്ലെന്നും മുഴുവൻ മന്ത്രിസഭയും കോൺഗ്രസ് എംഎൽഎമാരും പാർട്ടി നേതൃത്വവും മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യയെ വിചാരണചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്‌ലോത് അനുമതി നൽകിയതാണ് സംസ്ഥാനത്ത് ഗവർണർ സർക്കാർ പോരിലേക്ക് നയിച്ചത്. മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണിത്.