നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം, അറിയേണ്ടതെല്ലാം
രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസ ബോര്‍ഡുകള്‍ അടച്ചു പൂട്ടണമെന്നും ഇവയ്ക്കുള്ള സംസ്ഥാനങ്ങളുടെ ഫണ്ടിങ് നിര്‍ത്തണമെന്നും മദ്രസയില്‍ പോകുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന് കീഴിലേക്ക് മാറ്റണമെന്നുമാണ് ശുപാര്‍ശ. ദേശീയ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍, പ്രിയങ്ക് കാനൂങ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. മദ്രസകളെ കുറിച്ച് കമ്മീഷന്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
കോടതി വിധികള്‍ ഉള്‍പ്പെടെ പരിശോധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടിയെന്ന് ദേശീയ ബലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുങ്കോ 24 നോട് പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കമ്മീഷനോട് കള്ളം പറഞ്ഞുവെന്നും മദ്രാസകള്‍ ഇല്ലെന്നും ഫണ്ട് നല്‍കുന്നില്ല എന്നും ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്നാണ് കമ്മീഷന്റ വിലയിരുത്തല്‍. വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികളുടെ ഭരണഘടനപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും കത്തില്‍ പറയുന്നു. മദ്രസകളില്‍ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയില്‍ പഠിക്കുന്ന മുസ്ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കത്തിലുണ്ട്.
ഹത്തില്‍ വിദ്വേഷം പരത്തുന്ന നടപടി എന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ വിമര്‍ശനം. വിദ്യാഭ്യാസത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ നിലവാരമുയര്‍ത്താനുള്ള നടപടികളാണെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍ദേശത്തിനെതിരെ മന്ത്രി കെബി ഗണേഷ് കുമാറും രംഗത്തെത്തി. മദ്രസകളില്‍ നിന്നാണ് കുട്ടികള്‍ ആത്മീയ വിദ്യാഭ്യാസം നേടുന്നതെന്നും മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എല്ലാ മതങ്ങളും ആത്മീയ പഠനക്ലാസ് കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രസകള്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ളല്ല. കരിക്കുലത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അസ്വാഭാവികതകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ മാഹാത്മ്യം ഊന്നിപ്പറയുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നു. പാകിസ്താനില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ബിഹാര്‍ മദ്രസ ബോര്‍ഡ് നിര്‍ദേശിക്കുന്നത് തുടങ്ങിയ വാദങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ സ്ഥാപനങ്ങള്‍ ഇസ്ലാമിക വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നും മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും പിന്തുടരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഹിന്ദു, മുസ്ലീം ഇതര വിഭാഗങ്ങളിലെ കുട്ടികളെ മദ്രസകളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ ഉന്നയിച്ചുള്ള വാദങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്കുള്ള കത്ത്.
ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങള്‍ പ്രകാരം മദ്രസകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ട്. മതസ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന നിയമങ്ങളും ഈ സ്ഥാപനങ്ങള്‍ക്ക് അനുകൂലമാണ്. പല സംസ്ഥാനങ്ങളും മദ്രസകളെ അനുകൂലിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസമാണ് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കാനുള്ള തീരുമാനമെടുത്തത്. അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ നടത്തിയ ഈ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. ഇത്തരത്തില്‍ മദ്രസകളെ പിന്തുണയ്ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്ന ചോദ്യമാണ് ഉയരുന്നത്.
മദ്രസകളുമായി ബന്ധപ്പെട്ടുള്ള ബാലാവകാശ കമ്മീഷന്‍ നടപടികളുടെ തുടക്കമല്ല ഇത്. UDISE കോഡുള്ള മദ്രസകളില്‍ പരിശോധന നടത്താനും ആര്‍ടിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ച സ്ഥാപനങ്ങളുടെ അംഗീകാരം റദ്ധാക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് ജൂണില്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജൂലൈയില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പരിശോധന റിപ്പോര്‍ട്ട് സംസ്ഥാന വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റുകളോട് ആവശ്യപ്പെടുകയും ചെയ്തു. മദ്രസ വിദ്യാഭ്യാസം സമഗ്രമല്ലെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും കഴിഞ്ഞ സുപ്രീം കോടതിയില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.