നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പരീക്ഷണം വിജയം; ചാവേര്‍ ഡ്രോണുകള്‍ ഉത്പാദിപ്പിക്കാന്‍ ഉത്തര കൊറിയ
സോള്‍ : ശത്രുക്കളുടെ ലക്ഷ്യസ്ഥാനത്തെത്തി ആക്രമിക്കാന്‍ കഴിയുന്ന ചാവേര്‍ ആക്രമണ ഡ്രോണുകള്‍ വലിയ തോതില്‍ ഉത്പാദിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കരയിലും കടലിലുമുള്ള ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാനായി രൂപകത്പ്പന ചെയ്തിരിക്കുന്ന ആളില്ല ഡ്രോണുകളുടെ പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ചതിന് ശേഷമാണ് കിം ജോങ് ഉത്പാദനം കൂട്ടാന്‍ തീരുമാനമെടുത്തത്.
ഉത്തരകൊറിയയുടെ ഏരിയല്‍ ടെക്‌നോളജി കോംപ്ലക്‌സ് (യുഎടിസി) ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം. നിലവില്‍ ഭക്ഷിണ കൊറിയയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് കിം ജോങ്ങിന്റെ പുതിയ നീക്കം.
ചാവേര്‍ ഡ്രോണുകള്‍ സ്‌ഫോടക വസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ആളില്ലാ ഡ്രോണുകളാണ്. ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തി കടുത്ത നാശമുണ്ടാക്കാന്‍ കഴിവുള്ള ഗൈഡഡ് മിസൈലുകളാണ് ഇവ. കഴിഞ്ഞ ഓഗസ്തിലാണ് രാജ്യത്ത് ആദ്യമായി ചാവേര്‍ ഡ്രോണുകള്‍ നിര്‍മിച്ച് പരീക്ഷണം നടത്തിയത്. റഷ്യയുമായുള്ള പ്രതിരോധ സഹകരണത്തിലൂടെയോ ഇറാനില്‍ നിന്നോ ആകാം ഉത്തരകൊറിയയ്ക്ക് ഇതിനുള്ള സാങ്കേതിക സഹായം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ ഉത്തരകൊറിയ പുറത്തുവിട്ടിരുന്നു. ഇസ്രയേലിന്റെ ഹാരോപ്പ്, റഷ്യയുടെ ലാന്‍സെറ്റ്-3, ഇസ്രയേലിന്റെ തന്നെ ഹീറോ-30 എന്നിവയോട് സാദൃശ്യമുള്ളതാണ് ഉത്തരകൊറിയയുടെ ചാവേര്‍ ഡ്രോണുകളെന്ന് വിദഗ്ധര്‍ പറയുന്നു