നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ലഹരിക്ക് അടിമയായ 31കാരി വിമാനത്താവളത്തിൽ എത്തിയത് സ്വർണ തോക്കുമായി, തടവ് ശിക്ഷ വിധിച്ച് കോടതി
പഠനാവശ്യത്തിനായി ഓസ്ട്രേലിയയിലേക്ക് എത്തിയ യുവതി വിമാനത്താവളത്തിലെത്തിയത് രണ്ട് ലക്ഷം രൂപ വില വരുന്ന സ്വർണം പൊതിഞ്ഞ തോക്കുമായി.
സിഡ്നി: സ്വർണത്തോക്കുമായി വിമാനത്താവളത്തിൽ അറസ്റ്റിലായ 30കാരിക്ക് ഒരു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഓസ്ട്രേലിയയിലേക്ക് എത്തിയ അമേരിക്കൻ പൌരയുടെ ലഗേജിൽ നിന്നാണ് രണ്ട് ലക്ഷത്തിലേറെ വരുന്ന സ്വർണം പൊതിഞ്ഞ തോക്കും തിരകളും കണ്ടെത്തിയത്. സ്വയ രക്ഷയ്ക്കായി കരുതിയതെന്നും വിമാനത്താവള അധികൃതരോട് വിശദമാക്കാൻ മറന്നുപോയതെന്നുമാണ് തോക്ക് കണ്ടെത്തിയപ്പോൾ യുവതി പ്രതികരിച്ചിരുന്നത്.
ലിലിയാന ഗുഡ്സൺ എന്ന യുവതിക്കാണ് സിഡ്നിയിലെ ഡൌണിംഗ് സെൻട്രൽ ലോക്കൽ കോടതി 12 മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഇതിൽ ആദ്യ 4 മാസത്തെ തടവ് ശിക്ഷ ജയിലിൽ തന്നെ കഴിയണമെന്നും കോടതി വിശദമാക്കിയിട്ടുണ്ട്. ശരീരമാസകലം തുളച്ച് അണിഞ്ഞിരുന്ന നിരവധി ആഭരണങ്ങൾ നീക്കിയ ശേഷമാണ് ഇവരെ കോടതിയിൽ നിന്ന് ജയിലിലേക്ക് അയച്ചത്. 24 കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ തോക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായിരുന്നു.
ഓസ്ട്രേലിയയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠനാവശ്യത്തിനാണ് യുവതി എത്തിയത്. തോക്ക് ലഗേജിലുള്ള വിവരം മറന്ന് പോയെന്ന യുവതിയുടെ വാദം പൊളിയാൻ 31കാരിയുടെ ഫോൺ പരിശോധന കാരണമായിരുന്നു. തോക്ക് ബാഗിൽ എടുത്ത് വയ്ക്കണമെന്ന് നിരവധി തവണ അലാറം വച്ച യുവതി നിരവധി തവണ വിമാനത്താവളത്തിൽ വെടിക്കോപ്പ് കൊണ്ടുവരുന്നതിലെ നിയന്ത്രണങ്ങളേക്കുറിച്ചും ഇന്റർനെറ്റിൽ പരതിയിരുന്നു. കസ്റ്റംസ് പരിശോധനയിലാണ് യുവതിയുടെ ബാഗിൽ സ്വർണ തോക്ക് കണ്ടെത്തിയത്.
സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് യുവതിയുടെ ശിക്ഷയെന്നാണ് കോടതി വിലയിരുത്തുന്നത്. പുതിയ സ്ഥലത്ത് തനിക്ക് സ്വയ രക്ഷ ലക്ഷ്യമിട്ടാണ് തോക്ക് കരുതിയതെന്നായിരുന്നു കേസിന്റെ അവസാനം വരേയും 31കാരി വാദിച്ചത്. അടുത്തകാലത്തായി മാനസികാരോഗ്യ സംബന്ധിയായ മരുന്നുകളും കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരിമരുന്നുകൾ കഴിച്ചിരുന്നതായാണ് ഇവരുടെ വൈദ്യ പരിശോധനയിൽ വ്യക്തമായത്.