നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ മോഷണം, പരാതി നൽകിയിട്ടും ഇൻഡിഗോ നടപടിയെടുത്തില്ലെന്ന യുവതിയുടെ കുറിപ്പ് വൈറൽ
എയർഹെൽപ് ഇൻകോപ്പറേറ്റ് പുറത്ത് വിട്ട 2024 -ലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയില്‍ ഇന്‍ഡിഗോ ഇടം പിടിച്ചത് അടുത്തിടെയാണ്. വിമാന സര്‍വ്വീസിലെ കെടുകാര്യസ്ഥതയാണ് ഇന്‍ഡിഗോയ്ക്ക് ഈ പട്ടം നേടിക്കൊടുത്തത്. അതേസമയം ഇന്‍ഡിഗോ എയര്‍ലൈന്‍ ഈ പട്ടികയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയെങ്കിലും യാത്രക്കാരില്‍ നിന്നും എയർലൈന് എതിരായുള്ള പരാതികള്‍ക്ക് ഒരു ശമനവുമില്ലെന്ന് പുതിയ പരാതികള്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ഒടുവിലായി പരാതിയുമായി രംഗത്തെത്തിയത് ഷീസേയ്സ് സ്ഥാപക തൃഷ ഷെട്ടിയാണ്. വിമാനത്തിനുള്ളില്‍ വച്ച് യാത്രയ്ക്കിടെ തന്‍റെ അമ്മയുടെ ബാഗ് മറ്റൊരു യാത്രക്കാരന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍, ഇത് സംബന്ധിച്ച് ഒരു പരാതി സ്വീകരിക്കാന്‍ പോലും ഇന്‍ഡിഗോ തയ്യാറായില്ലെന്നും തൃഷ ഷെട്ടി തന്‍റെ എക്സ് അക്കൌണ്ടില്‍ എഴുതി. കഴിഞ്ഞ ആറാം തിയതിയാണ് തൃഷ തന്‍റെ എക്സ് അക്കൌണ്ടില്‍ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് തന്‍റെ അമ്മയ്ക്കുണ്ടായ അനുഭവം എഴുതിയത്.