നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നാഗർകോവിലിൽ ജീവനൊടുക്കിയ മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു
സ്ത്രീധന പീഡനത്തെ തുടർന്ന് നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി കോളജ് അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് ചെമ്പകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർതൃമാതാവിന്റെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നായിരുന്നു ശ്രുതിയുടെ അവസാന സന്ദേശം.
ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ചെമ്പകവല്ലി നിർബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണിൽ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭർതൃമാതാവ് ചെമ്പകവല്ലി മരിച്ചത്.