നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ചലചിത്രതാരം ദർശൻ കൊലപ്പെടുത്തിയ രേണുകാ സ്വാമിക്ക് ആൺകുഞ്ഞ്, മകൻ തിരിച്ചുവന്നുവെന്ന് പിതാവ്
ബെംഗളൂരു: ഭർത്താവിന്റെ ദാരുണ മരണം കഴിഞ്ഞ് നാലാം മാസം ആൺകുഞ്ഞിന് ജന്മം നൽകി രേണുകാ സ്വാമിയുടെ ഭാര്യ. കാമുകിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് കന്നട ചലചിത്രതാരം ദര്‍ശന്‍ തൂഗുദീപ കൊലപ്പെടുത്തിയ രേണുകാ സ്വാമിക്കാണ് ആൺകുഞ്ഞ് ജനിച്ചിരിക്കുന്നത്. കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമിയെ തട്ടിക്കൊണ്ട് പോകുമ്പോൾ 5 മാസം ഗർഭിണിയായിരുന്ന ഭാര്യ സഹാന. സഹാനയുടം കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മകൻ തിരിച്ചു വരുന്നുവെന്നുമാണ് രേണുകാ സ്വാമിയുടെ പിതാവ് കാശിനാഥയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബുധനാഴ്ചയാണ് രേണുകാ സ്വാമിക്ക് മകൻ പിറന്നത്.
ജൂൺ ഏഴിനാണ് കന്നട ചലചിത്ര താരം ദർശന്റെ ആളുകൾ രേണുകാ സ്വാമിയെ തട്ടിക്കൊണ്ട് പോയത്. ജൂൺ 9നാണ് ക്രൂരമർദ്ദനത്തിന് ഇരയായ നിലയിൽ ഇയാളുടെ മൃതദേഹം സോമനഹള്ളിയിൽ കണ്ടെത്തുന്നത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നുമായിരുന്നു മൃതദേഹം ലഭിച്ചത്. ആദ്യം ആത്മഹത്യയാണ് എന്നു കരുതിയ സംഭവത്തിൽ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്ലാണ് ക്രൂരമായ കൊലപാതകമാണ് സംഭവം എന്ന് തെളിഞ്ഞത്.
ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആയിരുന്നു ക്രൂരമായ മർദ്ദനത്തിനും പിന്നീട് കൊലപാതകത്തിലേക്കും വഴി വച്ചത്. ഏതാനും നാളുകൾക്ക് മുൻപ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയിൽ രേണുക സ്വാമി കമന്റ് ചെയ്തിരുന്നു. ഇത് കൂടാതെ ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു.
ദർശന്റെ ആളുകൾ തട്ടിക്കൊണ്ട് വന്ന രേണുകാ സ്വാമിയെ ആർ ആർ നഗറിലെ ഒരു ഷെഡിലേക്കാണ് എത്തിച്ചത്. ഏക്കറുകൾ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസുകാരനാണ്. ഇയാളുടെ മരുമകൻ ആണ് കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികൾ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്പായ ഇവിടെ വച്ച് ദർശന്റെ സാന്നിധ്യത്തിൽ ക്രൂരമർദ്ദനമേറ്റാണ് രേണുകാ സ്വാമി കൊല്ലപ്പെട്ടത്. പിന്നീട് സംഘം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു.
രേണുക സ്വാമി കൊലക്കേസിൽ ദർശനും പവിത്രയ്ക്കും ഒപ്പം വിനയ് വി, നാഗരാജു ആർ, ലക്ഷ്മൺ എം, പ്രദോഷ് എസ്, പവൻ കെ, ദീപക് കുമാർ എം, നന്ദിഷ്, കാർത്തിക്, നിഖിൽ നായക്, രാഘവേന്ദ്ര, കേശവ മൂർത്തി എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ പവൻ പവിത്രയുടെ സുഹൃത്താണ്. രാഘവേന്ദ്ര ദർശന്റെ ചിത്രദുർഗ ഫാൻസ് അസോസിയേഷൻ അംഗമാണ്. ബാക്കിയെല്ലാവരും ദർശന്റെ അനുയായികളും ക്വട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിക്കുന്നവരും ആണെന്ന് പൊലീസ് വിശദമാക്കുന്നത്.