നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കൈവിട്ട വേഗം, അമിത വേഗത്തിലെത്തിയ സൈക്കിൾ നേരെ ചെന്നിടിച്ചത് മതിലിന്റെ കോണിൽ, 16 കാരൻ തൽക്ഷണം മരിച്ചു
മുംബൈ: സൈക്കിൾ സ്റ്റണ്ടിനിടെയുണ്ടായ അപകടത്തിൽ മുംബൈയ്ക്ക് സമീപം 16കാരന് ജീവൻ നഷ്ടമായി. നീരജ് യാദവ് ആണ് മരിച്ചത്. മീരാ-ഭയാന്ദറിലെ കോട്ടയുടെ ചരിവിലൂടെ അമിത വേഗത്തിൽ പോകുന്നതിനിടെ നിയന്ത്രണം തെറ്റി സമീപത്തെ ചുവരിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം നീരജ് കുഴഞ്ഞുവീഴുന്നത് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
മീരാ റോഡിന് സമീപം താമസിക്കുന്ന നീരജ് തിങ്കളാഴ്ചയാണ് സൈക്കിളിൽ ഘോഡ്ബന്ദർ കോട്ടയിലേക്ക് പോയത്. ചെറുതും ചെങ്കുത്തായതുമായ വഴിയിലൂടെ അതിവേഗമായിരുന്നു യാത്രയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വേഗം കൂടി നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ ഗേറ്റിനോട് ചേർന്നുള്ള മതിലിൽ ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ നീരജ് കുഴഞ്ഞുവീണ് തലയിൽ നിന്ന് രക്തസ്രാവം തുടങ്ങിയിരുന്നു. അപകടസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പരിശോധിച്ചെങ്കിൽ പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് അടുത്തുള്ള ബാബാ സാഹിബ് അംബേദ്കർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം നടന്നതായി ആശുപത്രിയിൽ സ്ഥിരീകരിക്കുകയായിരുന്നു.