നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കാൻസർ മരുന്നുകൾക്ക് വിലകുറയും; ഇൻഷുറൻസ് പ്രീമിയംനികുതി കുറയ്ക്കുന്നതിൽ തീരുമാനം പിന്നീട്
ന്യൂഡല്‍ഹി: ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാന്‍സര്‍ മരുന്നുകളുടെ നികുതി 12-ല്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. ഏതാനും ലഘുഭക്ഷണങ്ങളുടേയും ജി.എസ്.ടിയില്‍ കുറവുവരുത്തി. ഷെയറിങ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജി.എസ്.ടി. അഞ്ചുശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍ക്കുള്ള ജി.എസ്.ടി. ഒഴിവാക്കി.
ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ചു 6,909 കോടിയായി. ആറുമാസത്തിലാണ് ഈ തുക ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്നതില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ വിശാലസമവായത്തിലെത്തിയെന്ന് സൂചനയുണ്ട്. നിലവില്‍ 18 ശതമാനമാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജി.എസ്.ടി. തിങ്കളാഴ്ച കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു.