നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കടബാധ്യത; രണ്ടും നാലും വയസുള്ള മക്കളെ കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ ആത്മഹത്യചെയ്തു
ബെംഗളൂരു: രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടകം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ബെംഗളൂരുവിലെ യെലഹങ്കയ്ക്കടുത്തുള്ള യെദ്യൂരപ്പ നഗറില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അവിനാശ് (33), മമത (29) ആതിര, അനയ എന്നിവരാണ് മരിച്ചത്.
മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മമതയാണ് ആദ്യം ജീവനൊടുക്കിയത്. അവരുടെ മരണവാര്‍ത്ത അറിഞ്ഞതിന് ശേഷമാണ് അവിനാശും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. കലബുറുഗി സ്വദേശിയായ അവിനാശ് കഴിഞ്ഞ ആറ് വര്‍ഷമായി ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 9.30-ഓടെ കലബുറഗിയില്‍ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയ അവിനാശിന്റെ സഹോദരന്‍ ഉദയ് കുമാറാണ് മരണവിവരം ആദ്യം അറിയുന്നത്. ബെംഗളൂരുവിലെ ഒരു സ്‌കൂളില്‍ കായിക പരിശീലകനായി ജോലി ചെയ്യുന്ന ഉദയ് കുമാര്‍ അവിനാശിനൊപ്പമാണ് താമസിക്കുന്നത്. ഇയാള്‍ വാരന്ത്യത്തില്‍ കലബുറഗിയിലെ വീട്ടിലേക്ക് പോകാറുണ്ട്.
ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട അവിനാശ് അടുത്തിടെ ബന്ധുവിനോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നു. ഇതിനുപുറമെ, പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)