നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അഞ്ച് മാസം ഗർഭിണിയായ യുവതിയെ കൊണ്ട്, വെടിയേറ്റ് മരിച്ച ഭർത്താവ് കിടന്ന കിടക്ക വൃത്തിയാക്കിപ്പിച്ചു, വിവാദം
മധ്യപ്രദേശിലെ ദിണ്ടോരി ജില്ലയില്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കൊണ്ട് ആശുപത്രി അധികൃതര്‍, മരിച്ച ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കിപ്പിച്ചെന്ന് പരാതി. യുവതി കിടക്ക വൃത്തിയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംഭവം വിവാദമായി. ഇതോടെ തങ്ങള്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ആശുപത്രി അധികൃതരും രംഗത്തെത്തി.
അനുരാഗ് ദ്വാരി എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'ഈ സ്ത്രീ സർക്കാർ ആശുപത്രിയിലെ കിടക്ക വൃത്തിയാക്കുന്നു. 5 മാസം ഗർഭിണിയാണ്. ഭർത്താവ് കുറച്ച് മുമ്പ് അതിൽ കിടക്കുകയായിരുന്നു. മരണശേഷം സ്ത്രീയെ കൊണ്ട് ആശുപത്രി കിടക്ക വൃത്തിയാക്കിപ്പിച്ചതായി ആരോപണം ഉയർന്നു. ദിണ്ടോരിയിൽ ട്രിപ്പിൾ കൊലപാതക കേസുണ്ട്, ഇതിനടുത്ത് മനുഷ്യത്വവും വാക്കുകളും മരിക്കുന്നു. ആദരാഞ്ജലി...' വീഡിയേോ ഇതിനകം ഏഴ് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ തീര്‍ത്തും അവശയായ ഒരു സ്ത്രീ, ഒരു കൈയില്‍ രക്തം പുരണ്ട ഭര്‍ത്താവിന്‍റെ വസ്ത്രങ്ങള്‍ പിടിച്ച് മറുകൈകൊണ്ട് കിടക്കയിലെ രക്തക്കറ തൂക്കുന്നത് കാണാം. ഇതിനിടെ ഒരു നേഴ്സ് ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച് വീണ്ടും വീണ്ടും തുടയ്ക്കാന്‍ ആവശ്യപ്പെടുന്നു. മറ്റൊരു സ്ത്രീ ഈ സമയം കൂടുതല്‍ ടിഷ്യൂ പേപ്പറുകള്‍ കിടക്കയിലേക്ക് ഇടുന്നതും കാണാം. യുവതിയുടെ ഒപ്പം തീരെ ചെറിയൊരു കുട്ടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം വിവാദമായതോടെ യുവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കിടക്ക വൃത്തിയാക്കാന്‍ അനുവദിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആദിവാസി ഭൂരിപക്ഷ പ്രദേശമായ ദിണ്ടോരി ജില്ലയില്‍ ലാല്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഭൂമി തര്‍ക്കത്തിന്‍റെ പേരിലുണ്ടായ ഒരു സംഘര്‍ഷത്തില്‍ ഒരു സംഘം ആളുകള്‍ ഒരു കുടുംബത്തിലെ പിതാവിനെയും മൂന്ന് ആള്‍മക്കളെയും വെടിവയ്ക്കുകയായിരുന്നു. അച്ഛനും ഒരു മകനും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ശിവരാജ്, രാംരാജ് എന്നിവരെ ഗദസരായ് ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ശിവരാജ് മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെ ശിവരാജിന്‍റെ അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയോട് അദ്ദേഹം മുറിവേറ്റ് രക്തം വാര്‍ന്ന് കിടന്ന കിടക്ക വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന് ഏഴ് പേർക്കെതിരെ കൊലപാതകം ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി ഗദസരായ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംശയാസ്പദമായ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.