നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വനിതാ സുഹൃത്തുക്കളുമായി ദീപാവലി ആഘോഷത്തിന് ഫാം ഹൌസിലെത്തിയ 21കാരനെ നാട്ടുകാർ മർദ്ദിച്ചുകൊന്നു, അറസ്റ്റ്
കെംഗേരി: വനിതാ സുഹൃത്തുക്കളൊപ്പം വാരന്ത്യ ആഘോഷത്തിന് ഫാം ഹൌസിലെത്തിയ ബിരുദ വിദ്യാർത്ഥിയെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ചിക്കനഹള്ളിയിലെ ഫാം ഹൌസിൽ 21കാരനായ ബി കോം ബിരുദ വിദ്യാർത്ഥി പുനിതാണ് കൊല്ലപ്പെട്ടത്. രണ്ട് വനിതാ സുഹൃത്തുക്കളടക്കം ഏഴ് പേരാണ് ഫാം ഹൌസിൽ അവധി ആഘോഷിക്കാനെത്തിയത്. സുഹൃത്തിന്റെ പരിചയക്കാരന്റെ ഫാം ഹൌസായതിനാലാണ് സംഘം ഇവിടെ തെരഞ്ഞെടുത്തത്. ദീപാവലിക്കായി കോളേജിന് അവധി നൽകിയ സമയത്തായിരുന്നു സംഭവം. ഫാം ഹൌസിന് സമീപവാസികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്.
ബാസവേശ്വര നഗർ സ്വദേശിയും സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായ പുനിതും സുഹൃത്തുക്കളും ഫാം ഹൌസിലെ കുളത്തിൽ നീന്തുന്നതിനിടെ ഇവിടെയെത്തിയ അക്രമികൾ പുനിതിന്റെ വനിതാ സഹപാഠികളായ ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. പുനീത് ഇത് ചോദ്യം ചെയ്തു. അക്രമി സംഘം ഇവിടെ നിന്ന് ഇതോടെ മടങ്ങി. രാത്രി 10.30ഓടെ വിദ്യാർത്ഥികൾ അന്താക്ഷരി കളിക്കുന്നതിനിടെ ഇവർ ആളുകളുമായി മടങ്ങി എത്തി പുനീതിനെ മർദ്ദിക്കുകയും ഒപ്പമുണ്ടായിരുന്നവരെ അധിക്ഷേപിക്കുകയുമായിരുന്നു. വിറക് തടികകൾ കൊണ്ടുള്ള അടിയേറ്റ് അവശനായി വീണ 21കാരനെ സുഹൃത്തുക്കൾ കാറിൽ ആശുപത്രിയിലെത്തിച്ചു.
ഇവിടെ നിന്ന് ആരോഗ്യ നില വഷളായ പുനീതിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘത്തിലെ പരിക്കേറ്റ മറ്റ് രണ്ട് പേരെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ രാമനഗര റൂറൽ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കൊലപാതകം, അതിക്രമിച്ച് കയറൽ, കയ്യേറ്റം അടക്കമുള്ള വകുപ്പുകളടക്കമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.