നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സ്വന്തം കാര്യം നോക്കാൻ ഹെഡിന് അറിയാം, ഹെഡ്-സിറാജ് വിഷയത്തിൽ പ്രതികരണവുമായി കമ്മിൻസ്
'ആക്രമണ ശൈലിയിൽ കളിക്കുകയെന്നത് പ്രധാനകാര്യമാണ്. എന്നാൽ അതിന്റെ പരിധികൾ ലംഘിക്കരുത്.'
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം മുഹമ്മദ് സിറാജും ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡും തമ്മിലുണ്ടായ തർക്കങ്ങളിൽ പ്രതികരണവുമായി പാറ്റ് കമ്മിൻസ്. ഇന്ത്യൻ താരങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം. ഓസ്ട്രേലിയൻ താരങ്ങളെക്കുറിച്ച് മാത്രമാണ് താൻ ആശങ്കപ്പെടേണ്ടത്. എപ്പോഴത്തെയും പോലെ കഴിഞ്ഞ ആഴ്ചയിൽ ഓസ്ട്രേലിയൻ താരങ്ങളുടെ പെരുമാറ്റം മികച്ചതായിരുന്നു. ട്രാവിസ് ഹെഡ് ഓസീസ് ടീമിന്റെ ഉപനായകനാണ്. സ്വന്തം കാര്യം സംസാരിക്കാൻ പ്രാപ്തിയുള്ള ആളാണ് ഹെഡ്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് രണ്ടാം ടെസ്റ്റിന് ശേഷം പ്രതികരിച്ചു.
ആക്രമണ ശൈലിയിൽ കളിക്കുകയെന്നത് പ്രധാനകാര്യമാണ്. എന്നാൽ അതിന്റെ പരിധികൾ ലംഘിക്കരുത്. ടീം ക്യാപ്റ്റനെന്ന നിലയിൽ അക്കാര്യത്തിൽ താൻ ഉറപ്പുവരുത്തണം. ഒരു വാക്ക് അല്ലെങ്കിൽ രണ്ട് വാക്കുകൾ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കും. പാറ്റ് കമ്മിൻസ് വ്യക്തമാക്കി.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെയാണ് മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും തമ്മിൽ മോശം പെരുമാറ്റമുണ്ടായത്. ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം ഗ്രൗണ്ട് വിടാൻ നേരം സിറാജ് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഹെഡ് തന്നെ പരിഹസിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. എന്നാൽ നന്നായി പന്തെറിഞ്ഞുവെന്ന് സിറാജിനെ അഭിനന്ദിച്ചതാണെന്നും താരം തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ഹെഡിന്റെ പ്രതികരണം.