നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ബ്രിസ്ബേൻ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാർത്ത, മുന്നിൽ നിന്ന് നയിക്കാൻ രോഹിത്; രാഹുലിന് സ്ഥാനചലനം
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി മടങ്ങിയെത്തുമെന്ന് സൂചന. ടീമിനെ മുന്നില്‍ നിന്ന് നയിക്കുക എന്ന ലക്ഷ്യത്തോടെ രോഹിത് ഓപ്പണര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ കെ എല്‍ രാഹുല്‍ വീണ്ടും ആറാം നമ്പറിലേക്ക് മാറുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിസ്ബേനില്‍ ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷനാണ് രോഹിത് വീണ്ടും ഓപ്പണറാകുമെന്ന സൂചന നല്‍കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി രോഹിത് ആണ് ആദ്യം ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയത്. കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും തന്നെയാണ് ബ്രിസ്ബേനില്‍ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലനം തുടങ്ങിയത്. ഈ സമയം രോഹിത് സ്ലിപ്പിലെ ക്യാച്ചിംഗ് പരിശീലനത്തിലായിരുന്നു. എന്നാല്‍ രാഹുലും യശസ്വിയും മാറിയതോടെ രോഹിത് ആണ് ന്യൂബോളില്‍ ബുമ്രയെയും സിറാജിനെയും ആകാശ് ദീപീനിയെും നേരിടാന്‍ നെറ്റ്സിലെത്തിയത്. ഇത് ബ്രിസ്ബേനില്‍ രോഹിത് തന്നെ ഓപ്പണറാകുമെന്നതിന്‍റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്ക് ആശ്വാസവാര്‍ത്ത
അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പേസര്‍ ജസ്പ്രീത് ബുമ്ര നെറ്റ്സില്‍ പന്തെറിയാനെത്തിയത് ഇന്ത്യക്ക് ആശ്വാസമായി. പരിക്കിന്‍റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ മുഴുവന്‍ പരിശീലന സെഷനിലും ബുമ്ര പന്തെറിഞ്ഞു. ആദ്യം ലെഗ് സ്പിന്നെറിഞ്ഞ് തുടങ്ങിയ ബുമ്ര പിന്നീട് രോഹിത്തിനും കോലിക്കുമെതിരെ തന്‍റെ തീയുണ്ടകള്‍ വര്‍ഷിച്ചു. അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പേശിവലിവ് അനുഭവപ്പെട്ട ബുമ്ര പിന്നീട് പരിശീലനത്തിന് ഇറങ്ങാതിരുന്നത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.അഞ്ച് മത്സര പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ മുന്നിലെത്തിയപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. ശനിയാഴ്ച ബ്രിസ്ബേനിയെ ഗാബയിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.