നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഗാരി കിർസ്റ്റന് പിന്നാലെ പാകിസ്ഥാന്‍ പരിശീലക സ്ഥാനം രാജിവെച്ച് ജേസണ്‍ ഗില്ലെസ്പിയും, പകരക്കാരനെ പ്രഖ്യാപിച്ചു
കറാച്ചി: പാകിസ്ഥാന്‍ ടെസ്റ്റ് ടീം പരിശീലക സ്ഥാനം രാജിവെച്ച് ഓസ്ട്രേലിയന്‍ മുന്‍ പേസര്‍ ജേസണ്‍ ഗില്ലെസ്പി. പാകിസ്ഥാന്‍റെ നിര്‍ണായക ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തൊട്ടു മുമ്പാണ് ഗില്ലെസ്പി പരിശീലക സ്ഥാനം രാജിവെക്കുന്ന കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. പാക് ടീമിന്‍റെ ഹൈ പെര്‍ഫോര്‍മന്‍സ് കോച്ച് ആയ ടിം നീല്‍സണിന്‍റെ കരാര്‍ പുതുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വിസമ്മതിച്ചതോടെയാണ് 2026വരെ കാലാവധിയുള്ള ഗില്ലെസ്പിയും രാജിവെക്കാന്‍ തീരുമാനിച്ചത്. ഗില്ലെസ്പിയാണ് ടിം നീല്‍സണെ ഹൈ പോര്‍ഫോര്‍മന്‍സ് കോച്ചായി കൊണ്ടുവന്നത്.
ഗില്ലെസ്പിക്ക് പകരം വൈറ്റ് ബോള്‍ ടീമിന്‍റെ ഇടക്കാല പരിശീലകന്‍ കൂടിയായ അക്വിബ് ജാവേദിനെ ടെസ്റ്റ് ടീമിന്‍റെയും ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26നാണ് പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഉറപ്പാക്കാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക-പാകിസ്ഥാന്‍ പരമ്പര ലോക ടെസ്ററ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്കും നിര്‍ണായകമാണ്.