നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റ് എഫ്സി-തിരുവനന്തപുരം കൊമ്പന്‍സ് മത്സരം സമനിലയില്‍
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളില്‍ കാലിക്കറ്റ് എഫ്സി - തിരുവനന്തപുരം കൊമ്പന്‍സ് മത്സരം സമനിലയില്‍. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തിരുവനന്തപുരത്തിനായി മുഹമ്മദ് അഷറും കാലിക്കറ്റിനായി റിച്ചാര്‍ഡ് ഓസെയ്‌യും ഗോള്‍ കണ്ടെത്തി.
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ തിരുവനന്തപുരം കൊമ്പന്‍സാണ് ആദ്യ മുന്നേറ്റം നടത്തിയത്. മുഹമ്മദ് അഷറിന്റെ കരുത്തുറ്റ ഷോട്ട് ഗോള്‍വല കയറി. ലോങ് ബോള്‍ നിയന്ത്രണവിധേയമാക്കിയ ശേഷം അഷര്‍ തൊടുത്ത ഷോട്ട്, കാലിക്കറ്റ് ഗോള്‍ കീപ്പര്‍ വിഷാല്‍ ജൂണിനെ മറികടന്ന് വലയില്‍ പതിച്ചു (1-0). 12 മിനിറ്റുകള്‍ക്കകം കാലിക്കറ്റിന്റെ മറുപടി ഗോളെത്തി. കാലിക്കറ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്ന് ഹെഡറിലൂടെ പ്രതിരോധ താരം റിച്ചാര്‍ഡ് ഒസെയ് ഗോളാക്കി മാറ്റി. കൊമ്പന്‍സിന്റെ ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ മൈക്കല്‍ അമേരികൊ തടഞ്ഞിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.