നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ശ്വാസകോശ അര്‍ബുദം നേരത്തെ കണ്ടെത്താന്‍ മൂത്ര പരിശോധന, ലോകത്ത് ഇത് ആദ്യം
ശ്വാസകോശ അര്‍ബുദത്തിന്റെ ആദ്യകാല സൂചന കണ്ടെത്താന്‍ കഴിയുന്ന ലോകത്തിലെ ആദ്യത്തെ മൂത്ര പരിശോധന ടെസ്റ്റ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു
ശ്വാസകോശ ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്ന ലോകത്തിലെത്തന്നെ ആദ്യത്തെ മൂത്ര പരിശോധന ടെസ്റ്റാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെയും Early Cancer Institute ലെയും ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍ . സോംബി സെല്‍ പ്രോട്ടീനുകളിലൂടെയാണ് ഈ കണ്ടെത്തല്‍ നടത്തുന്നത്. ലോകമെമ്പാടും ക്യാന്‍സറുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ശ്വാസകോശ ക്യാന്‍സറാണ് മുന്നിട്ട് നില്‍ക്കുന്നത്. ശ്വസകോശ ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 1.8 ദശലക്ഷം ജീവന്‍ അപഹരിക്കപ്പെടുന്നുണ്ട്. ക്യാന്‍സര്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ഈ പരിശോധനയിലൂടെ ചികിത്സാഫലങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയും.
എന്താണ് സോംബി സെല്‍ പ്രോട്ടീനുകള്‍
കേടായ കോശങ്ങളെയാണ് സോംബി സെല്ലുകള്‍ അഥവാ senescent cells എന്ന് വിളിക്കുന്നത്. ഇവ കേടായാലും വളരുകയോ വിഭജിക്കുകയോ ചെയ്യാതെ ശരീരത്തില്‍ത്തന്നെ തുടരുന്നു. പക്ഷേ ഈ കോശങ്ങള്‍ അവയുടെ ചുറ്റുപാടുകള്‍ മാറ്റുകയും ക്യാന്‍സര്‍ വികസനം പ്രോത്സാഹിപ്പിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിലെ സോംബി കോശങ്ങള്‍ പുറംതള്ളുന്ന പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കുത്തിവയ്പ്പാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്.
ടെസ്റ്റ് നടത്തുന്നത് എങ്ങനെ
ശരീരത്തിലേക്ക് സെന്‍സര്‍ പ്രോബ് കുത്തിവയ്ക്കുന്നതാണ് പരിശോധന.(സോംബിസെല്‍ പ്രോട്ടീനുകളുമായി ഇടപെടുന്ന ഒരു കുത്തിവയ്പ്പ്) സോംബി കോശങ്ങള്‍ പുറത്തുവിടുന്ന പ്രത്യേക പ്രോട്ടീന്‍ കണ്ടെത്തുകയാണ് ഇവ ചെയ്യുന്നത്. സെന്‍സര്‍ പ്രോബ് പ്രോട്ടീന്‍ കണ്ടെത്തുമ്പോള്‍ ഇത് രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഒരു ഭാഗം മൂത്രത്തിലൂടെ പുറംതള്ളപ്പെടും. ഇതിനെ ഒരു silver solution ഉപയോഗിക്കുമ്പോള്‍ കാണാന്‍ സാധിക്കും. ഇങ്ങനെ മൂത്രത്തിന്റെ നിറം പരിശോധിക്കുമ്പോള്‍ ക്യാന്‍സറിലേക്ക് നയിക്കാവുന്ന പത്തോളജിക്കല്‍ മാറ്റങ്ങള്‍ ശ്വാസകോശത്തില്‍ സംഭവിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കും.
ഈ മൂത്ര പരിശോധന എലികളില്‍ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. ഗവേഷകര്‍ ഉടന്‍തന്നെ മനുഷ്യരില്‍ ഈ പരീക്ഷണങ്ങള്‍ ആംരംഭിക്കാന്‍ തയ്യാറാണ്. ഇത് മനുഷ്യരില്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍ ശ്വാസകോശ അര്‍ബുദ രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും വിപ്ലവമായിരിക്കും സംഭവിക്കാന്‍ പോകുന്നത്.