നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ലോകകപ്പ് ഫൈനലിന് ശേഷം PSG ക്യാംപിൽ എത്തിയപ്പോഴും മെസ്സിയോട് ദേഷ്യമുണ്ടായിരുന്നു; കിലിയൻ എംബാപ്പെ
'ആ ഫൈനൽ തന്നെയും മെസ്സിയെയും കൂടുതൽ സുഹൃത്തുക്കളാക്കി. താൻ മെസ്സിയിൽ നിന്നും ഒരുപാട് പഠിച്ചു'
ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരായ തോൽവിക്ക് ശേഷം തനിക്ക് അർജൻറീനൻ നായകൻ ലയണൽ മെസ്സിയോട് ദേഷ്യമുണ്ടായിരുന്നുവെന്ന് ഫ്രാൻസ് ടീം നായകൻ കിലിയൻ എംബാപ്പെ. ലോകകപ്പ് ഫൈനലിന് ശേഷം പി എസ് ജിയുടെ പരിശീലന ക്യാംപിൽ എത്തിയപ്പോഴും തനിക്ക് മെസ്സിയോട് ദേഷ്യമുണ്ടായിരുന്നു. അപ്പോൾ മെസ്സി തന്നോട് പറഞ്ഞത് ഇപ്രകാരമാണ്. താങ്കൾ മുമ്പുതന്നെ ലോകകപ്പ് വിജയിച്ചിട്ടുണ്ട്. ഇത്തവണ എന്റെ അവസരമായിരുന്നു. ഈ വാക്കുകൾ കേട്ടപ്പോഴാണ് തനിക്ക് മെസ്സിയോടുള്ള ദേഷ്യം മാറിയത്. അർജന്റീനയുടെ ലോകകപ്പ് വിജയം നാം ബഹുമാനിക്കുന്നത് അത് മെസ്സി നേടി എന്നതിനാലാണ്. എംബാപ്പെ ഫ്രഞ്ച് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഞങ്ങൾ ഇരുവർക്കും നിരവധി ഓർമകൾ സൃഷ്ടിച്ചു. ആ ഫൈനൽ തന്നെയും മെസ്സിയെയും കൂടുതൽ സുഹൃത്തുക്കളാക്കി. താൻ മെസ്സിയിൽ നിന്നും ഒരുപാട് പഠിച്ചു. മെസ്സി എല്ലാകാര്യങ്ങളും നന്നായി ചെയ്തു. അതുപോലൊരു ഇതിഹാസത്തിൽ നിന്ന് എല്ലാകാര്യങ്ങളും പഠിക്കാൻ കഴിയും. മുമ്പ് മെസ്സിയോട് താങ്കൾ ഈ മികവ് എങ്ങനെ പ്രകടിപ്പിച്ചുവെന്ന് ചോദിക്കുമായിരുന്നു. എംബാപ്പെ വ്യക്തമാക്കി.
ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന ആവേശപ്പോര് ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നായിമാറിയിരുന്നു. മത്സരം 80 മിനിറ്റ് എത്തുംവരെ അർജന്റിന 2-0ത്തിന് മുന്നിലായിരുന്നു. പിന്നാലെ എംബാപ്പയുടെ ഇരട്ട ഗോൾ പിറന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം അധികസമയത്തേയ്ക്ക് നീണ്ടു. എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം 3-3ന് സമനിലയിലായി. പിന്നാലെ അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടിൽ മത്സരം വിജയിക്കുകയായിരുന്നു.