നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മിൽട്ടൻ കരയിലേക്ക്: ‘ഒഴിഞ്ഞുപോകുക അല്ലെങ്കിൽ മരിക്കും’; ഫ്ലോറിഡയിൽ കൂട്ടപലായനം.
റ്റാംപ∙ മിൽട്ടൻ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ റ്റാംപയിലും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിലും കനത്ത ആഘാതം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ ചുഴലിക്കാറ്റ് അതിശക്തമായി വീശുന്നതിന് മുൻപ് ‘ഒഴിഞ്ഞുപോകുക അല്ലെങ്കിൽ മരിക്കും’ എന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതോടെ ഒറ്റരാത്രികൊണ്ട് ഭയചകിതരായ ഫ്ലോറിഡക്കാർ സുരക്ഷിതത്വം തേടി നാട് വിടുകയാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ പ്രധാന ഹൈവേകളിൽ കിലോമീറ്ററുകളോളം നീളമുള്ള കാറുകളുടെ ക്യൂവാണ് കാണപ്പെടുന്നത്. പ്രദേശവാസികൾ സംസ്ഥാനത്തിന് പുറത്തും മിയാമിയിലും അഭയം തേടുന്നതിനാൽ വടക്കും തെക്കുമുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. റ്റാംപ, സെന്‍റ് പീറ്റേഴ്‌സ്‌ബർഗ്, ഒർലാൻഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഇതിനകം തന്നെ വിമാന സർവീസ് നിർത്തിവച്ചു. ഇതോടെ വിമാനം മാർഗം രക്ഷപ്പെടാനുള്ള സാധ്യതയും അടഞ്ഞു. പരിഭ്രാന്തരായി ആളുകൾ സാധനങ്ങൾ വാങ്ങുന്നുണ്ട്. കുപ്പിവെള്ളം, ടോയ്‌ലറ്റ് പേപ്പർ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയാണ് ഇത്തരത്തിൽ വ്യാപകമായി ആളുകൾ വാങ്ങുന്നത്.
പ്രാദേശിക പെട്രോൾ പമ്പുകളിൽ ഇന്ധനം തീർന്നതിനാൽ റോഡിലിറങ്ങുന്നത് അപകടകരമാണെന്ന് ചിലർ പറയുന്നു. അതേസമയം, ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ ഇന്ധനം എത്തിച്ചിട്ടുണ്ടെന്ന് ഗവർണർ റോൺ ഡിസാന്‍റിസ് ഇന്ന് രാവിലെ ഫ്ലോറിഡ നിവാസികൾക്ക് ഉറപ്പ് നൽകി.
ഒറ്റരാത്രികൊണ്ട് മിൽട്ടൻ വളരെയധികം ശക്തി പ്രാപിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. കാറ്റഗറി 4 ൽ ആണ് വിദ്ഗധർ മിൽട്ടൻ ചുഴലിക്കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മിൽട്ടൻ 'ശക്തി പ്രാപിക്കുമെന്ന് അത് നാളെ കരയിൽ പതിക്കുമ്പോൾ അത് 'വിനാശകരമായ ഒരു ചുഴലിക്കാറ്റായി' മാറുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം പറയുന്നതനുസരിച്ച്, ഇന്ന് രാവിലെ മിൽട്ടൻ മെക്സിക്കോ ഉൾക്കടലിന് മുകളിലൂടെ റ്റാംപയിലേക്ക് ആഞ്ഞടിച്ചു - ഇത് പടിഞ്ഞാറൻ-മധ്യ ഫ്ലോറിഡയിൽ വീശുന്ന വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായി മാറിയേക്കും. വ്യാപകമായ നാശം വരുത്താനുള്ള ശേഷി വളരെയധികം വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
ഒരു നൂറ്റാണ്ടിലേറെയായി ഒരു വലിയ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം സഹിച്ചിട്ടില്ലാത്ത ടാംപാ ബേ മേഖലയിൽ ബുധനാഴ്ച ചുഴലിക്കാറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ ജെയ്ൻ കാസ്റ്റർ കഴിഞ്ഞ ദിവസം പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ ഇവിടെ നിന്ന് ഒഴിഞ്ഞില്ലെങ്കിൽ, 'നിങ്ങൾ മരിക്കാൻ പോകുകയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.