നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
6500 കമ്പനികള്‍; മലയാളികള്‍ക്ക് വന്‍ അവസരങ്ങളൊരുക്കി ഹംറിയ ഫ്രീസോണ്‍
ഷാര്‍ജ: വന്‍തോതില്‍ വിദേശനിക്ഷേപം ആകര്‍ഷിച്ച് യു.എ.ഇ. സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകി രാജ്യത്തെ ഫ്രീസോണുകള്‍. സാമ്പത്തികവികസനപദ്ധതികളുടെ ഭാഗമായാണ് ഫ്രീസോണുകള്‍ അഥവാ സ്വതന്ത്ര വ്യവസായമേഖലകള്‍ യു.എ.ഇ.യില്‍ ആരംഭിച്ചത്.നിലവില്‍ 45 ഫ്രീസോണുകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ ജബല്‍ അലി ഫ്രീസോണിനുശേഷം യു.എ.ഇ.യിലെ രണ്ടാമത്തെ വലിയ സ്വതന്ത്ര വ്യവസായ മേഖലയായാണ് ഹംറിയ ഫ്രീസോണ്‍ കണക്കാക്കപ്പെടുന്നത്. റാസല്‍ഖൈമയിലേക്ക് നേരിട്ട് പ്രവേശനമുള്ള ഷാര്‍ജ, അജ്മാന്‍ അതിര്‍ത്തിയിലായാണിത് സ്ഥിതിചെയ്യുന്നത്.
ബിസിനസ് രംഗത്ത് മലയാളികള്‍ ഏറെയുള്ള ഷാര്‍ജയില്‍ വന്‍ അവസരങ്ങളാണ് ഹംറിയ ഫ്രീസോണ്‍ ഒരുക്കുന്നത്. ബിസിനസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണ് എന്നതാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
163 രാജ്യങ്ങളില്‍നിന്നായി ഏകദേശം 6500-ലേറെ കമ്പനികളാണ് ഹംറിയ ഫ്രീസോണിലുള്ളത്. ഇതില്‍ 30 ശതമാനത്തിലേറെയും ഇന്ത്യന്‍ കമ്പനികളാണ്. ട്രാന്‍സ്ഫോമറുകളിലും വാഹനങ്ങളിലും ഉപയോഗിക്കാനുള്ള ലൂബ്രിക്കന്റുകള്‍, ഹൈഡ്രോളിക് ലിക്വിഡ്, എണ്ണ, റബ്ബര്‍ സംസ്‌കരണത്തിനുള്ള രാസവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, നിര്‍മാണസാമഗ്രികള്‍, ഭക്ഷണം തുടങ്ങിയവയുണ്ടാക്കുന്ന പല ഇന്ത്യന്‍ കമ്പനികളും ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
1995 നവംബറിലാണ് ഷാര്‍ജയിലെ ഹംറിയയില്‍ ഫ്രീസോണ്‍ അഥവാ സ്വതന്ത്ര വ്യവസായമേഖല ആരംഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ 24 ചതുരശ്ര കിലോമീറ്ററിലാണ് ഫ്രീസോണ്‍ ആരംഭിച്ചതെങ്കില്‍ ഇന്നതിന്റെ വിസ്തൃതി ഇരട്ടിയിലേറെയാണ്. ഹംറിയ ഫ്രീസോണിന് ഏകജാലക സംവിധാനമാണ്. അതുകൊണ്ടുതന്നെ നടപടിക്രമങ്ങള്‍ സുതാര്യവുമാണ്. കമ്പനികള്‍ രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് നേടുന്നതിനുള്ള നടപടികള്‍ ഒരു മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കാം. തൊഴിലാളികളുടെ വിസ സ്റ്റാംപിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ദിവസങ്ങള്‍കൊണ്ടും പൂര്‍ത്തിയാക്കാനാകും.
മൂല്യവര്‍ധിത നികുതി (വാറ്റ്) ബാധകമല്ല. കയറ്റുമതി, ഇറക്കുമതി, പുനര്‍കയറ്റുമതി എന്നിവയ്ക്ക് കസ്റ്റംസ് തീരുവയില്ല. മാത്രമല്ല സംരംഭകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം എന്നതാണ് പ്രത്യേകത. വിസ പുതുക്കുന്നതടക്കം 300-ലേറെ ഓണ്‍ലൈന്‍ സേവനങ്ങളുണ്ട്.
ഫ്രീസോണിനുള്ളില്‍ തൊഴിലാളി ക്യാമ്പുകള്‍, ഉല്ലാസകേന്ദ്രങ്ങള്‍, ചികിത്സാസംവിധാനങ്ങള്‍ എന്നിവയുമുണ്ട്. വ്യവസായയൂണിറ്റുകള്‍, ഓഫീസുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയ്ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഇവിടെയുള്ളത്. ശാസ്ത്രീയ സുരക്ഷാസംവിധാനങ്ങളുള്ള ഫ്രീസോണ്‍ 24 മണിക്കൂറും സി.സി.ടി.വി. നിരീക്ഷണത്തിലുമാണ്. വെയര്‍ഹൗസ് സൗകര്യങ്ങള്‍ക്കുപുറമേ വിവിധ രാജ്യങ്ങളില്‍ ഉത്പന്നങ്ങള്‍ അതിവേഗമെത്തിക്കാമെന്നതും ഹംറിയ ഫ്രീസോണിന്റെ പ്രത്യേകതയാണ്.