നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മലപ്പുറം എഫ്.സി.യുടെ സഹഉടമയായി സഞ്ജു സാംസൺ
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍. ടീമുടമകളില്‍ സഞ്ജു പങ്കാളിത്തം വഹിച്ച കാര്യം ക്ലബ്ബ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സി.ക്ക് ശേഷം മലപ്പുറം കേന്ദ്രീകരിച്ചുവരുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് മലപ്പുറം എഫ്.സി.
സഞ്ജു സാംസണ്‍ എം.എഫ്.സി.യില്‍ ഓഹരികള്‍ സ്വന്തമാക്കുമെന്ന് കഴിഞ്ഞയാഴ്ച മുതല്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ തോല്‍പ്പിച്ച് ഗംഭീര തുടക്കമാണ് മലപ്പുറം എഫ്.സി.ക്ക് ലഭിച്ചത്.
ബിസ്മി ഗ്രൂപ്പ് എം.ഡി. വി.എ. അജ്മല്‍ ബിസ്മി, അന്‍വര്‍ അമീന്‍ ചേലാട്ട്, ബേബി നീലാമ്പ്ര എന്നിവര്‍ നിലവില്‍ മലപ്പുറം എഫ്.സി.യുടെ സഹ ഉടമകളാണ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് മലപ്പുറം എഫ്.സി.യുടെ ഹോം ഗ്രൗണ്ട്.