നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മാത്രമല്ല ഫീല്‍ഡിംഗിലും നിരാശപ്പെടുത്തി രോഹിത്, കൈവിട്ടത് 3 ക്യാച്ചുകള്‍
പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗില്‍ പൂജ്യത്തിന് പുറത്തായ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഫീല്‍ഡറെന്ന നിലയിലും നിരാശപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ.സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യാറുള്ള രോഹിത് ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ മൂന്ന് ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്.
രണ്ടാം ദിനം രവീന്ദ്ര ജഡേജയുടെ പന്തില്‍ ടോം ലാഥമിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തിയ രോഹിത് മൂന്നാം ദിനം രാവിലെ ആര്‍ അശ്വിന്‍റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിന്‍റെ ക്യാച്ചും നഷ്ടപ്പെടുത്തിയിരുന്നു. ടോം ലാഥമിന്‍റെ ക്യാച്ച് എടുക്കുക കുറച്ചു ബുദ്ധിമുട്ടായിരുന്നെങ്കിലും ഗ്ലെന്‍ ഫിലിപ്സിന്‍റേത് അനായാസം കൈയിലൊതുക്കാവുന്ന ക്യാച്ചായിരുന്നു. ടോം ലാഥം 68 റണ്‍സില്‍ നില്‍ക്കുമ്പോഴും ഫിലിപ്സ് 10 റണ്‍സില്‍ നില്‍ക്കുമ്പോഴുമാണ് രോഹിത് ക്യാച്ച് പാഴാക്കിയത്. ലാഥം 89 റണ്‍സടിച്ചപ്പോള്‍ ഫിലിപ്സ് 31റണ്‍സുമായി ഇന്ത്യക്ക് ഭീഷണിയായി ഇപ്പോഴും ക്രീസിലുണ്ട്.ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലും സ്ലിപ്പില്‍ രോഹിത് രണ്ട് ക്യാച്ചുകള്‍ കൈവിട്ടിരുന്നു. വില്‍ യങിന്‍റെയും ഡെവോണ്‍ കോണ്‍വെയുടെയും ക്യാച്ചുകളാണ് രോഹിത് ആദ്യ ടെസ്റ്റില്‍ കൈവിട്ടത്. മികച്ച റിഫ്ലക്സ് വേണ്ട പൊസിഷനാണ് സ്ലിപ്പെന്നും 37കാരനായ രോഹിത് യുവതാരങ്ങളെ ആരെയെങ്കിലും സ്ലിപ്പില്‍ നിയോഗിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.റണ്‍സടിക്കുന്നതിനെക്കാള്‍ കൂടുതല്‍ ക്യാച്ചുകള്‍ കൈവിടുന്ന ക്യാപ്റ്റനെന്നും രോഹിത് ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതിനെ ചൂണ്ടിക്കാട്ടി ആരാധകര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ അശ്വിന്‍റെ തന്നെ പന്തില്‍ ടിം സൗത്തിയെ രോഹിത് ഇന്ന് സ്ലിപ്പില്‍ മനോഹരമായി കൈയിലൊതുക്കിയിരുന്നു.