നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പോര്‍ച്ചുഗീസ് ഇതിഹാസം നാനി വിരമിക്കല്‍ പ്രഖ്യാപിച്ചു; കളമൊഴിയുന്നത് 38-ാം വയസ്സില്‍
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ നാനി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്
പോര്‍ച്ചുഗീസ് ഫുട്‌ബോളിന്റെ ഇതിഹാസ താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിങ്ങറുമായിരുന്ന ലൂയിസ് നാനി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഉറ്റസുഹൃത്തായ നാനി 38-ാം വയസ്സിലാണ് ഫുട്‌ബോള്‍ മതിയാക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. രണ്ട് പതിറ്റാണ്ടോളം നീണ്ട ഇതിഹാസ കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് നാനി വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിട പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു പ്രൊഫഷണല്‍ ഫുട്‌ബോളറെന്ന നിലയിലുള്ള കരിയര്‍ അവസാനിപ്പിക്കുകയാണ്. അത്ഭുതകരമായ യാത്രയായിരുന്നു ഇത്. 20 വര്‍ഷത്തിലേറെ നീണ്ടുനിന്ന കരിയറിനിടെ ഉയര്‍ച്ചയിലും താഴ്ച്ചയിലും എന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഓരോ വ്യക്തിക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷങ്ങള്‍ എനിക്ക് മറക്കാനാവാത്ത നിരവധി ഓര്‍മ്മകള്‍ സമ്മാനിക്കുകയും ചെയ്തു. പുതിയ ലക്ഷ്യങ്ങളിലേയ്ക്കും സ്വപ്നങ്ങളിലേയ്ക്കും തിരിയേണ്ട സമയമാണിത്. ഉടന്‍ കാണാം!', തന്റെ അന്താരാഷ്ട്ര കരിയറിന്‍റെ പ്രതീകമായി അഞ്ച് ഭാഷകളില്‍ 'നന്ദി' പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി 700 മത്സരങ്ങളിലാണ് നാനി ബൂട്ടണിഞ്ഞിട്ടുള്ളത്. പോര്‍ച്ചുഗലിനായി നാനി 112 മത്സരങ്ങള്‍ കളിക്കുകയും 24 ഗോളുകള്‍ നേടുകയും ചെയ്തു. 2016 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പോര്‍ച്ചുഗല്‍ ടീമിന്റെ ഭാഗമായിരുന്നു നാനി.2007ല്‍ യുണൈറ്റഡില്‍ ചേര്‍ന്ന നാനി ക്ലബ്ബിന്റെ നിര്‍ണായക താരമായി മാറി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അരങ്ങേറ്റ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ നാനിക്ക് കഴിഞ്ഞു. തുടര്‍ന്ന് നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും നാനി യുണൈറ്റഡിന്റെ കുപ്പായത്തില്‍ സ്വന്തമാക്കി. 2014ലാണ് നാനി ഓള്‍ഡ് ട്രഫോര്‍ഡിന്റെ പടിയിറങ്ങുന്നത്.
പിന്നാലെ ആറ് രാജ്യങ്ങളിലായി എട്ട് വ്യത്യസ്ത ക്ലബ്ബുകളെ പ്രതിനിധീകരിച്ച് നാനി ഒരു ആഗോള ഫുട്‌ബോള്‍ യാത്ര ആരംഭിച്ചു. തുര്‍ക്കിയിലെ ഫെനര്‍ബാഹെ, സ്‌പെയിനിലെ വലന്‍സിയ, ഇറ്റലിയിലെ ലാസിയോ, അമേരിക്കയിലെ ഒര്‍ലാന്‍ഡോ സിറ്റി, ഇറ്റലിയിലെ വെനീസിയ, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ വിക്ടറി തുടങ്ങിയ ടീമുകള്‍ക്കായി അദ്ദേഹം കളിച്ചു. കഴിഞ്ഞ മാസം സ്പോര്‍ട്ടിംഗിനെതിരെ തന്റെ ജന്മനാട്ടിലെ ക്ലബ്ബായ എസ്ട്രെല അമഡോറയ്ക്കായി അവസാന മത്സരം കളിച്ചതായിരുന്നു നാനിയുടെ അവസാന മത്സരം.