നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഞങ്ങള്‍ ഭയ്യാ ഭയ്യാ! സിറാജുമായുള്ള വഴക്ക് പറഞ്ഞുതീര്‍ത്തെന്ന് ഹെഡ്; താരത്തിന്റെ വിശദീകരണം
അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡും ഇന്ത്യന്‍ പേസര്‍ നേര്‍ക്കുനേര്‍ വന്നത് വലിയ ചര്‍ച്ചയായിരുന്നു. അഡ്ലെയ്ഡില്‍ സെഞ്ചുറി നേടിയ ഹെഡ് 140 റണ്‍സെടുത്താണ് പുറത്താക്കുന്നത്. സിറാജിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പുറത്തായതിന് പിന്നാലെയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. ബൗള്‍ഡായതിന് പിന്നാലെ ഹെഡ്, സിറാജിനോട് പലതും പറയുന്നുണ്ടായിരുന്നു. താനെന്താണ് സിറാജിനോട് പറഞ്ഞതെന്ന് പിന്നീട് ഹെഡ് വ്യക്തമാക്കിയിരുന്നു.
ഹെഡ് വിശദീകരിക്കുന്നതിങ്ങനെ... ''വിക്കറ്റ് നഷ്ടമായ ഉടനെ, താങ്കള്‍ നന്നായി പന്തെറിഞ്ഞുവെന്ന് ഞാന്‍ സിറാജിനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം എന്നോട് പവലിയനിലേക്ക് മടങ്ങൂവെന്ന് ചൂണ്ടി കാണിക്കുകയായിരുന്നു. അതോടെ എനിക്ക് ചിലത് പറയേണ്ടിവന്നു. അങ്ങനെ സംഭവിച്ചതില്‍ നിരാശയുണ്ട്. അവര് ഇങ്ങനെയാണ് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് അങ്ങനെയാവട്ടെ.'' ഹെഡ് വ്യക്തമാക്കി. ഇപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് ട്രാവിസ് ഹെഡ്. ആ അധ്യായം അടഞ്ഞുവെന്നാണ് ഹെഡ് പറയുന്നത്. സ്റ്റാര്‍ ഓസീസ് ബാറ്ററുടെ വിശദീകരണം. ''ഞങ്ങള്‍ അതിനെ കുറിച്ച് പിന്നീട് സംസാരിച്ചിരുന്നു. തെറ്റിദ്ധാരണകൊണ്ട് സംഭവിച്ചതാണെന്ന് സിറാജിന് മനസിലായി. അതു കഴിഞ്ഞു. ഞങ്ങള്‍ അവിടെ നിന്ന് മുന്നോട്ട് വന്നു. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ല. ഞങ്ങള്‍ രണ്ട് പേരും സ്‌നേഹമുള്ളവരാണ്.'' ഹെഡ് പറഞ്ഞു. ഹെഡ് കള്ളം പറയുകയാണെന്ന് സിറാജ് നേരത്തെ ആരോപിച്ചിരുന്നു. എന്നാലിപ്പോള്‍ രംഗം ശാന്തമായത് ആരാധകരിലും ആശ്വാസമുണ്ടാക്കി.
മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയിലും ടീമിന് തിരിച്ചടിയേറ്റു. മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു. ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 175ന് എല്ലാവരും പുറത്തായി. കേവലം 19 റണ്‍സിന്റെ വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഓസീസ് 3.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ ഇന്ത്യ 180 & 175, ഓസ്ട്രേലിയ 337 & 19. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി.