നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ജര്‍മനിയിൽ പാലം തകര്‍ന്നു; ആളപായമില്ല.
ബര്‍ലിന്‍ ∙ ജര്‍മനിയിൽ പാലം തകര്‍ന്നു. കിഴക്കന്‍ ജര്‍മന്‍ നഗരമായ ഡ്രെസ്ഡനിലാണ് ബുധനാഴ്ച പുലര്‍ച്ചെ പാലം ഭാഗികമായി തകര്‍ന്നത്. ആളപായമില്ല, അതേസമയം കൂടുതല്‍ ഭാഗങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു
ജര്‍മനിയിലെ ഡ്രെസ്ഡന്‍ നഗരമധ്യത്തില്‍ എല്‍ബെ നദിക്ക് മുകളിലൂടെയുള്ള കരോള പാലമാണ് ഭാഗികമായി തകര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഡ്രെസ്ഡന്റെ ചരിത്രപ്രസിദ്ധമായ പഴയ പട്ടണത്തെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കരോള പാലത്തിന്റെ ഏകദേശം 100 മീറ്റര്‍ ഭാഗം ഒറ്റരാത്രികൊണ്ട് എല്‍ബെ നദിയിലേക്ക് തകർന്ന് വീണത്.
സംഭവത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശവാസികളോട് അവിടെ നിന്നും മാറി നില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും പാലം സുരക്ഷിതമാക്കുന്നതിനുമായി രക്ഷാപ്രവര്‍ത്തകരെയും മറ്റ് വിദഗ്ധരെയും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പാലം തകർന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അപകടസമയത്ത് പാലത്തിന് മുകളിലോ താഴെയോ ആരും ഉണ്ടായിരുന്നില്ല. എല്‍ബെ ജലപാത, എല്‍ബെ സൈക്കിള്‍ പാത, ടെറസിന്റെ തീരങ്ങള്‍ എന്നിവയുള്‍പ്പെടെ പാലത്തിന് ചുറ്റുമുള്ള മുഴുവന്‍ പ്രദേശങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.