നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഗാസയിൽ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു
അബുദാബി: ഗാസയില്‍ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 86 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയുമായി കൈകോര്‍ത്താണ് ഇവരെ യുഎഇയിലെത്തിച്ചത്.
റാമണ്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ രോഗികളെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. ഗാസയില്‍ നിന്നെത്തുന്ന 22-ാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം എത്തിയത്. യുദ്ധത്തില്‍ പരിക്കേറ്റ ആയിരത്തിലേറെ കുട്ടികളും 1000 അര്‍ബുദ ബാധിതരും യുഎഇയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഗാസയില്‍ യുദ്ധത്തിൽ പരിക്കേറ്റവരെയും അർബുദ ബാധിതർ ഉൾപ്പെടെയുള്ള രോഗികളേയും സഹായിക്കുന്നതിനായി യുഎ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച സംരംഭത്തിന്റെ ഭാഗമായാണ് മാനുഷിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. രോഗികളും കുടുംബങ്ങളും അടക്കം ഇതുവരെ 2127 പേരെയാണ് യുഎഇയിലെത്തിച്ചത്.