നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ക്രിക്കറ്റ് ലോകം ഞെട്ടി! അണ്ടര്‍-19 ടെസ്റ്റില്‍ റെക്കോഡുമായി 13കാരൻ, ഓസീസിനെതിരേ 58 പന്തില്‍ 100
ന്യൂഡല്‍ഹി: അണ്ടര്‍-19 ടെസ്റ്റ് ചരിത്രത്തില്‍ ഒരിന്ത്യക്കാരന്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി പതിമൂന്നുകാരനായ വൈഭവ് സൂര്യവന്‍ഷി. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയാണ് വൈഭവിന്റെ റെക്കോഡ് നേട്ടം. കേവലം 58 പന്തുകളില്‍നിന്നാണ് ബാലതാരം സെഞ്ചുറി നേടി അദ്ഭുതം സൃഷ്ടിച്ചത്.
അന്താരാഷ്ട്രതലത്തില്‍ ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ മോയിന്‍ അലി മാത്രമാണ് വൈഭവിന് മുന്നിലുള്ളത്. 2005-ല്‍ അണ്ടര്‍-19 ടീമിന് വേണ്ടി മോയിന്‍ 56 പന്തുകളില്‍ സെഞ്ചുറി തികച്ചിരുന്നു. നാല് സിക്സുകളും 14 ബൗണ്ടറികളും ഉള്‍ക്കൊള്ളുന്നതാണ് വൈഭവിന്റ സെഞ്ചുറി. 62 പന്തില്‍ 104 റണ്‍സെടുത്ത വൈഭവ്, റണ്ണൗട്ടായാണ് പുറത്തായത്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 293 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുമ്പോഴായിരുന്നു വൈഭവിന്റെ മിന്നലാക്രമണം.
12-ാം വയസ്സില്‍ രഞ്ജി ട്രോഫിയില്‍ ബിഹാറിനായി അരങ്ങേറ്റം നടത്തിയതോടെയാണ് വൈഭവ് വാര്‍ത്തകളില്‍ നിറയുന്നത്. ചെറുപ്രായത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കറിനേക്കാളും യുവരാജ് സിങ്ങിനേക്കാളും ചെറിയ പ്രായത്തിലാണ് വൈഭവ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. രഞ്ജിയില്‍ കരുത്തരായ മുംബൈക്കും ഛത്തീസ്ഗഢിനുമെതിരേ 31 റണ്‍സ് നേടുകയും ചെയ്തു. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരെ അനുസ്മരിപ്പിക്കുംവിധമാണ് വൈഭവിന്റെ ബാറ്റിങ് ശൈലി.