നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കന്നി ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ സര്‍ഫറാസ് ഖാന് കുഞ്ഞ് പിറന്നു
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇരട്ടി മധുരമേകി സർഫറാസ് ഖാന് ആണ്‍കുഞ്ഞ് പിറന്നു. താൻ പിതാവായ വിവരം കുഞ്ഞിന്റെ ചിത്രം സഹിതം സർഫറാസ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കുഞ്ഞിന്റെ ജനനം. അതേ സമയം, സർഫറാസ് ഖാന് ഇന്ന് (ഒക്ടോബർ 22) 27 വയസ് പൂർത്തിയാകുന്നുവെന്ന കൗതുകവും ഇതിനോടപ്പമുണ്ട്.
തന്റെ നാലാം മത്സരത്തിന്റെ ഏഴാമത്തെ ഇന്നിങ്സിലാണ് സർഫറാസ് കന്നി സെഞ്ച്വറി നേടുന്നത്. ബംഗളൂരുവില്‍ നടന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും നാണക്കേട് ഒഴിവാക്കിയത് സർഫറാസിന്റെ ഉശിരൻ സെഞ്ച്വറിയാണ്. ആദ്യ ഇന്നിങ്സില്‍ 46 റണ്‍സിന് കൂടാരം കയറിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 462 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ സർഫറാസ് രണ്ടാം ഇന്നിങ്സില്‍ 150 റണ്‍സെടുത്താണ് ഇന്ത്യൻ ഇന്നിങ്സിന് നട്ടല്ലേകിയത്. ശുഭ്മാൻ ഗില്ലിന് പരുക്കേറ്റതിനെ തുടർന്നാണ് സർഫറാസിന് ബംഗളൂരു ടെസ്റ്റിന് വഴിയൊരുങ്ങിയത്. ഗംഭീര പ്രകടനത്തോടെ അവസരം മുതലെടുത്ത താരം ഗില്ല് തിരിച്ചെത്തിയാലും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായി.
നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 58 ശരാശരിയില്‍ 350 റണ്‍സാണ് ഇന്ത്യൻ യുവതാരം ഇതിനകം നേടിയത്.