നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
അറബ് മേഖലയിലെ എട്ട് ക്ലബുകൾ മാറ്റുരക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റ് പോരാട്ടങ്ങളുടെ ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായി. ഇതോടെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റും, നെയ്മറിന്റെ അൽ ഹിലാലും ഖത്തരി ക്ലബുകൾക്കെതിരെ മത്സരത്തിന് ഇറങ്ങും. ഖത്തർ ലീഗ് ജേതാക്കളായ അൽ സദ്ദ്, റണ്ണേഴ്സ് അപ്പായ അൽ റയ്യാൻ എന്നിവർ നേരിട്ട യോഗ്യത നേടിയപ്പോൾ, അൽ ഗറാഫ പ്ലേ ഓഫ് ജയിച്ചും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയിരുന്നു.അൽ റയ്യാന് നെയ്മറിന്റെ അൽ ഹിലാലിനെതിരെയാണ് ആദ്യ മത്സരം. സെപ്റ്റംബർ 17ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലായിരിക്കും മത്സരം. പരിക്ക് മാറി നെയ്മർ തിരിച്ചെത്തുകയാണെങ്കിൽ ഖത്തറിൽ സൂപ്പർതാരത്തിന്റെ മിന്നുന്ന പ്രകടനത്തിന് ആരാധകർക്ക് വീണ്ടും സാക്ഷിയാകാം. ശേഷം, നവംബറിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്റും, അൽ ഹിലാലും വീണ്ടും ഖത്തറിലെത്തും. നവംബർ 26ന് അൽ ഹിലാലും അൽ സദ്ദും, 25ന് അൽ ഗറാഫയും അൽ നസ്റും ഖത്തറിൽ കളിക്കും. ഡിസംബർ മൂന്നിനാണ് അൽ ഗറാഫ അൽ ഹിലാൽ എവേ മാച്ച്. ഡിസംബർ രണ്ടിന് എവേ മാച്ചിൽ അൽ സദ്ദ് അൽ നസ്റിനെ നേരിടും. അൽ റയാൻ സെപ്റ്റംബർ 30ന് എവേ മാച്ചിൽ അൽ നസ്റിനെ നേരിടും.