നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇന്ത്യക്ക് വീണ്ടും 'തലവേദന'! ട്രാവിസ് ഹെഡിന് സെഞ്ചുറി, ഓസീസ് ലീഡ് കുത്തനെ ഉയര്‍ത്തുന്നു
അഡ്‌ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തലവേദനയായി ഓസ്‌ട്രേലയിന്‍ താരം ട്രാവിസ്. അഡ്‌ലെയ്ഡില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഹെഡ് (പുറത്താവാതെ 129) ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് 100 കടത്തി. ഹെഡിന്റെ സെഞ്ചുറി കരുത്തില്‍ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഹെഡിനൊപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (8) ക്രീസിലുണ്ട്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷാണ് ടോപ് സ്‌കോറര്‍.
ഇന്ന് അഞ്ച് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി. വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ കൂടി ചേര്‍ത്ത് നതാന്‍ മക്‌സ്വീനിയാണ് ആദ്യം മടങ്ങിയത്. ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ നതാന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തിനെ (2) നിലയുറപ്പിക്കും മുമ്പ് പവലിയനിലെത്തിക്കാനും ബുമ്രയ്ക്ക് സാധിച്ചു. സ്മിത്തും പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 103 എന്ന നിലയിലായി ഓസീസ്. പിന്നാലെ മര്‍നസ് ലബുഷെയ്ന്‍ (64) - ഹെഡ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവിടെയാണ് നിതീഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ലബുഷെയ്‌നെ ഗള്ളിയില്‍ യശസ്വി ജയ്‌സ്വാളിന്റെ (64) കൈകളിലെത്തിച്ചു.