നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഇംഗ്ലണ്ട് ജേഴ്സിയിൽ നൂറാം മത്സരം, ഇരട്ട ഗോളിൽ ആഘോഷമാക്കി ഹാരി കെയ്ൻ
ഇംഗ്ലണ്ട് ജേഴ്‌സിയിലെ നൂറാം മത്സരം ഇരട്ട ഗോളിൽ ആഘോഷമാക്കി ഹാരി കെയ്ൻ. ഇരട്ട ഗോളോടൊപ്പം മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഇതിഹാസ താരം ബോബി ചാൾട്ടനും വെയ്ൻ റൂണിക്കും ശേഷം നൂറാം മത്സരത്തിൽ സ്കോർ ചെയ്യുന്ന മൂന്നാമത്തെ മാത്രം ഇംഗ്ലീഷ് താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. യുവേഫ നേഷൻസ് ലീഗിൽ ഫിൻലൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് ഹാരി കെയ്ൻ ഇംഗ്ലണ്ടിന് വേണ്ടിയുള്ള നൂറാം മത്സരമെന്ന നാഴികക്കല്ല് പിന്നിട്ടത്.
ഇംഗ്ലണ്ടിനായി 100 മത്സരം പൂർത്തീകരിക്കുന്ന പത്താമത്തെ താരമാണ് ഹാരി കെയ്ൻ. 125 മത്സരങ്ങൾ കളിച്ച പീറ്റർ ഷിൽട്ടണും 120 മത്സരങ്ങളിൽ ഇറങ്ങിയ വെയ്ൻ റൂണിയുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത്. ദേശീയ ജേഴ്സിയിൽ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാമതുള്ള കെയ്ൻ ഗോൾനേട്ടം 68 ആയി ഉയർത്തുകയും ചെയ്തു. നൂറാം മത്സരത്തിനിറങ്ങുന്നതിന് മുമ്പ് നടന്ന പ്രത്യേക ചടങ്ങിൽ നേരത്തെ ഈ നേട്ടത്തിലെത്തിയ ഫ്രാങ്ക് ലംപാർഡും ആഷ്‌ലി കോളും കെയ്‌നിനെ ഗോൾഡൻ ക്യാപ് അണിയിച്ചു. മത്സരത്തിൻ്റെ രണ്ടാം പകുതിയിലായിരുന്നു കെയ്നിൻ്റെ രണ്ടു ഗോളുകൾ. കെയ്‌നിൻ്റെ ഇരട്ട ഗോളിൻ്റെ കരുത്തിൽ ഇംഗ്ലണ്ട് ഫിൻലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.