നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'അതിന് കാരണം എന്റെ ഭാഗത്തുവന്ന തെറ്റ്, പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ പിഴച്ചു'
ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ തനിക്ക് തെറ്റിപ്പോയെന്നും ഫ്‌ളാറ്റ് പിച്ചാണെന്ന് കരുതിയാണ് ബാറ്റിങ് തെരഞ്ഞെടുത്തതെന്നും രോഹിത് വ്യക്തമാക്കി. രണ്ടാം ദിവസത്തെ മത്സരത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് പ്രതികരിച്ചത്.
'ഇന്ന് ഇന്ത്യയെ സംബന്ധിച്ച് മോശം ദിവസമായിരുന്നു. ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കും. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ആദ്യ സെഷന്‍ എപ്പോഴും നിര്‍ണായകമാണ്. ബെഗംളൂരു പിച്ചില്‍ കാര്യമായ പുല്ലില്ലാത്തതിനാലാണ് മൂന്ന് സ്പിന്‍ ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. പിച്ച് കുറച്ച് കൂടി ഫ്‌ളാറ്റ് ആയിരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ എനിക്ക് തെറ്റ് പറ്റി. അതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. അതുപോലെ ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്തത് എന്റെ തീരുമാനം ആയിരുന്നു. അതും തെറ്റിപ്പോയി. ക്യാപ്റ്റന്‍ എന്ന നിലയില്‍ അതെന്നെ വേദനിപ്പിക്കുന്നുണ്ട്. പക്ഷേ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ തീരുമാനങ്ങള്‍ പിഴക്കുന്നത് അംഗീകരിക്കാനാവുമെന്നാണ് ഞാന്‍ കരുതുന്നത്.'-രോഹിത് വ്യക്തമാക്കി.
ടെസ്റ്റിന്റെ ഒന്നാം ദിനം മഴ മൂലം ഒരു പന്തു പോലും എറിഞ്ഞിരുന്നില്ല. രണ്ടാം ദിനം ടോസിട്ട് കളി തുടങ്ങിയപ്പോഴാണ് രോഹിത് ആദ്യം ബാറ്റ് ചെയ്യുക എന്ന തീരുമാനമെടുത്തത്. പ്രതികൂല കാലാവസ്ഥയില്‍ ഒരു ദിവസം മുഴുവന്‍ പിച്ച് മൂടിയിട്ടും ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോകുകയായിരുന്നു. 46 റണ്‍സിന് ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം കൂടാരം കയറി. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്‌കോറാണിത്. ഇതിന് പിന്നാലെ രോഹിത് ശര്‍മ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്യാപ്റ്റന്റെ പ്രതികരണം.