നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
Goutham Gambheer and Rohit Sharma criticized
27 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയോട് ഏകദിനത്തില്‍ തോല്‍വി, 12 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോട് ടെസ്റ്റ് പരമ്പരയിലും തോല്‍വി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ ഗൗതം ഗംഭീറും ആരാധകരുടെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുകയാണിപ്പോള്‍. വീരോചിതമായി ടി20 ലോക കപ്പ് നേടി വന്ന ടീമിനെ ഈ ഗതികേടിലേക്ക് തള്ളിവിട്ടതിനോടാണ് ഇന്ത്യന്‍ ആരാധാകരുടെ പ്രതിഷേധം. പന്ത്രണ്ട് വര്‍ഷമായി സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യ തോറ്റ ചരിത്രമില്ലായിരുന്നു. എന്നാല്‍ സ്പിന്നര്‍ മിച്ചല്‍ സാന്ററനറുടെ മികവില്‍ ബംഗളുരുവിലും പൂനെയിലും നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അറ്റാക്കിങ് ശൈലിയില്‍ കളിക്കാനാണ് ഗംഭീര്‍ ടീമിലെ പ്രധാന താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഇത്ര കൂടിയ തരത്തില്‍ ആക്രമണോത്സുകത ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്പിന്നില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്താമെന്ന ഐഡിയ പാളിയെന്നത് സഹിക്കാം. എന്നാല്‍ കിവീസിന്റെ സ്പിന്നര്‍ അഴിഞ്ഞാടിയതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ടെസ്റ്റില്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയ സാന്റ്‌നര്‍ ഹീറോയായിരുന്നു.അതിനിടെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരക്കുള്ള തയ്യാറെടുപ്പുകളിലേക്ക് ഇന്ത്യന്‍ സംഘം കടക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. പരമ്പരയില്‍ ഗംഭീറും രോഹിതും ഏത് വിധത്തില്‍ ടീമിനെ ഇറക്കുമെന്ന ആകാംഷ ആരാധകരിലുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തോടെ രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗംഭീര്‍ പ്രധാന കോച്ചായി സ്ഥാനമേല്‍ക്കുന്നത്. പുതിയ പരിശീലകന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള സംഘത്തെയും അദ്ദേഹത്തെ സഹായിക്കുന്നതിനായി ബിസിസിഐ നല്‍കിയിരുന്നു. വിവിധ ഫോര്‍മാറ്റുകള്‍ക്കായി പ്രത്യേകം പ്രത്യേകം ടീമിനെ ഒരുക്കിയതിനോട് സമിശ്ര പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്.
ബാറ്റിങ്, ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കൂടുതല്‍ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ടെസ്റ്റില്‍ തുടരെ തുടരെ വിക്കറ്റ് വീഴുകയെന്നത് ടീമിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതാണ്. ബോളിങ്ങിനൊപ്പം തന്നെ ബാറ്റിങ്ങിലും സ്ഥിരത കൈവരിക്കാന്‍ കഴിയാതിരുന്നതാണ് അമ്പേ പരാജയത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന വിമര്‍ശനങ്ങളും ആരാധകര്‍ ഉന്നയിക്കുന്നു. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലെ അവസാന മാച്ച് നവംബര്‍ ഒന്നുമുതല്‍ മുംബൈയിലാണ്. ഈ മത്സരം കഴിയുന്നതോടെ ഉടന്‍ തന്നെ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിയും ആരംഭിക്കും. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ച് പിടിക്കാന്‍ കഴിയുന്ന തരത്തില്‍ ടീം ഇന്ത്യയെ ഒരുക്കിയെടുക്കുക എന്നുള്ള വെല്ലുവിളിയാണ് മുഖ്യപരിശീലകനായ ഗൗതംഗംഭീറിന് മുമ്പിലുള്ളത്.