നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
25 വയസ്സ് കഴിഞ്ഞോ, എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പോകരുത്; സ്ത്രീകള്‍ അറിയാന്‍
ഡോക്ടര്‍മാര്‍ പറയുന്നത് 25 വയസ്സുകഴിഞ്ഞാല്‍ ആരോഗ്യകാര്യത്തില്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കണമെന്നാണ്
ജീവിതത്തിന്റെ പ്രത്യേക ഘട്ടങ്ങളില്‍ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ചില വിറ്റാമിനികളും ധാതുക്കളും ലഭിക്കേണ്ടതുണ്ട്. വിറ്റാമിനുകള്‍ അണുബാധയ്‌ക്കെതിരെ പോരാടാനും മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. 20 കളുടെ മധ്യത്തില്‍ സ്ത്രീകള്‍ അവരുടെ ജീവിതത്തിലെ വളരെയധികം മാറ്റങ്ങളിലേക്ക് കടക്കുന്ന സമയമാണ്. പലരും ജോലിചെയ്യുന്നവരും ഒപ്പം കുടുംബം കൂടി ബാലന്‍സ് ചെയ്യുന്നവരുമായിരിക്കും. ഈ തിരക്കുകള്‍ക്കിടയില്‍ പലര്‍ക്കും നല്ല പോഷകാഹാരവും വ്യായാമവും പാലിക്കാന്‍ കഴിയാതെ വരാറുണ്ട്. ഇത് ശരീരത്തില്‍ പലവിധത്തിലുളള ധാതുക്കളുടെ കുറവുവരാന്‍ കാരണമാകും. ചര്‍മ്മം, തലമുടി, എല്ലുകള്‍ എന്നിവയുടെ ആരോഗ്യം കുറയാന്‍ കാരണമാകാറുണ്ട്.
ഓരോ പ്രായത്തിലും ആരോഗ്യനില അനുസരിച്ച് സ്ത്രീകള്‍ മൊത്തത്തിലുള്ള പോഷകാഹാരത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. 25 വയസിന് ശേഷമാണെങ്കില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ മാക്രോന്യൂട്രിയന്‍സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മാക്രോ ന്യൂട്രിയന്‍സുകളില്‍ ഭൂരിഭാഗവും ഭക്ഷണ ശ്രോതസുകള്‍ വഴി എളുപ്പത്തില്‍ ലഭ്യമാകും. ഇവ എല്ലുകള്‍ക്ക് ഗുണം ചെയ്യുകയും സന്ധികള്‍, ആര്‍ത്തവ ആരോഗ്യം, ഫെര്‍ട്ടിലിറ്റി അങ്ങനെ മൊത്തത്തിലുള്ള ആരോഗ്യംപോലും മെച്ചപ്പെടുത്താന്‍ സഹായിക്കും.
25 വയസിന് ശേഷം ഏതൊക്കെ വിറ്റാമിനുകള്‍
വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ കെ എന്നിവയൊക്കെ സ്ത്രീകള്‍ക്ക് വളരെ അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി നിയന്ത്രിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും വിറ്റമിന്‍ ഡി പ്രധാനമാണ്. ഇത് എല്ലുകളുടെയും സന്ധികളുടെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. അതുപോലെ വെറ്റമിന്‍ ബി 12 ന്റെ കുറവ് സ്ത്രീകളില്‍ മെഗലോബ്ലാസ്റ്റിക് അനീമിയ്ക്ക് കാരണമാകുന്നു. ഈ വിറ്റാമിനുകള്‍ ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണതകള്‍ കുറയാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമുളളതാണ്. ഇത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദ്‌രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള കേടുപാടുകള്‍ തടയാനും ചര്‍മ്മത്തിന്റെ തിളക്കത്തിനും ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ക്കും വിറ്റാമിന്‍ ഇ അത്യാവശ്യമാണ്.
വിറ്റാമിന്‍ കെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നതിലൂടെയും അസ്ഥികളെ ബലപ്പെടുത്തുന്നതിലൂടെയും പരിക്കുകള്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. വിദഗ്ധര്‍ പറയുന്നത് സ്ത്രീകളില്‍ വിറ്റാമിന്‍ കെ ചിന്ത, ഓര്‍മ്മ, പഠനം, സംഘാടന കഴിവുകള്‍ എന്നിവയുള്‍പ്പെടെയുള്ള വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ്. ഇലക്കറികള്‍, അവോക്കാഡോ, പ്‌ളം തുടങ്ങിയ പഴങ്ങള്‍, മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കുന്നതിലൂടെ ഈ വൈറ്റമിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും.