നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
23 ദിവസം പ്രായമുള്ള കുഞ്ഞിൽ അത്യപൂർവ ഹെർണിയ ശസ്ത്രക്രിയ; ലോകത്തെ നാലാമത്തെ മാത്രം കേസ്
ചെന്നൈ: 23 ദിവസം പ്രായമുള്ള കുട്ടിയില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. കീഴ്‌വയറില്‍ അപെന്‍ഡിക്സ് വളരുന്ന അത്യപൂര്‍വ രോഗമായ അമിയന്‍ഡ്സ് ഹെര്‍ണിയ (amyand's hernia) ബാധിച്ച നവജാത ശിശുവാണ് ശസ്ത്രക്രിയക്ക് വിധേയമായത്. 28 ആഴ്ച വളര്‍ച്ചയുളളപ്പോഴാണ് കുട്ടി ജനിച്ചത്.
ഈ രോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന ലോകത്തിലെതന്നെ നാലമത്തെ ശസ്ത്രക്രിയയാണ് ഇതെന്ന് നേതൃത്വം നല്‍കിയ ചെന്നൈയിലെ എസ്.ആര്‍.എം ഗ്ലോബല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ശസ്ത്രക്രിയ അതിസങ്കീര്‍ണമായിരുന്നു. കുഞ്ഞിന്റെ ഭാരം 2.06 കിലോ വര്‍ധിച്ചുവെന്നും സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ജനറല്‍ അനസ്തേഷ്യ നല്‍കിയാണ് നവജാത ശിശുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുമ്പ് ജനിച്ച കുഞ്ഞ് എന്‍.ഐ.സി.യു ( നിയോനേറ്റല്‍ ഐ.സി.യു) പരിചരണത്തിലായിരുന്നു.
മാസം തികയാതെ ജനിക്കുന്ന കുട്ടികളില്‍ ഹെര്‍ണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിലും അമിയാന്‍ഡ്‌സ് ഹെര്‍ണിയ ബാധിക്കുന്നത് അത്യപൂര്‍വ്വമാണെന്ന് വിദഗ്ദര്‍ പറയുന്നു. 0.42 ശതമാനം നവജാത ശിശുക്കളില്‍ മാത്രമാണ് ഈ അസുഖം കണ്ടെത്തിയിട്ടുള്ളത്.