നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'പേഴ്‌സണൽ ലൈഫിനെ അങ്ങനെ വിടൂ...'; അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്ന് ജയം രവി
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 15 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് ജയം രവി രംഗത്തെത്തിയത്.
ജയം രവി വിവാഹമോചിതനാകുന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ വന്നിരുന്നു. ഗായിക കെനിഷ ഫ്രാൻസിസും നടനും തമ്മിൽ പ്രണയത്തിലാണെന്നും അതാണ് വിവാഹ മോചന പ്രഖ്യാപനത്തിന് കാരണമെന്നും പ്രമുഖ തമിഴ് മാഗസിൻ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. എന്നാൽ തന്റെ സ്വകാര്യ ജീവിതത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്നാണ് ഈ അഭ്യൂഹങ്ങളിൽ ജയം രവിയുടെ പ്രതികരണം. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ഒരേയൊരു കാര്യം മാത്രമാണ് പറയാനുള്ളത്. ജീവിതം ജീവിക്കാൻ അനുവദിക്കൂ. ആരെയും അതിലേക്ക് വലിച്ചിടരുത്. ആരുടെയൊക്കെയോ പേര് പറയുന്നത് കേൾക്കുന്നുണ്ട്. അങ്ങനെ ചെയ്യരുത്. പേഴ്‌സണൽ ലൈഫിനെ അങ്ങനെ വിടൂ. 600 ൽ അധികം സ്റ്റേജുകളിൽ പാടിയിട്ടുള്ള ഗായികയാണ് കെനിഷ. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഉയരങ്ങളിലെത്തിയ വ്യക്തിയും പല ജീവിതങ്ങളെ രക്ഷിച്ച ഒരു ഹീലറുമാണ് അവർ. ലൈസൻസുള്ള ഒരു സൈക്കോളജിസ്റ്റ് ആണവർ. ഒന്നിച്ച് ഒരു ഹീലിംഗ് സെന്റർ ആരംഭിക്കാനുള്ള പദ്ധതികളിലാണ് ഞങ്ങൾ,' ജയം രവി പറയുകയുണ്ടായി.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് 15 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് ജയം രവി രംഗത്തെത്തിയത്. പിന്നാലെയാണ് നടന് കെനിഷ ഫ്രാൻസിസുമായി ബന്ധമുണ്ടെന്ന് ചില തമിഴ് മാഗസിനുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജൂണില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് ഇരുവർക്കും ഗോവ പൊലീസ് പിഴ ചുമത്തിയിരുന്നുവെന്നും ഇക്കാര്യങ്ങള്‍ ആര്‍തിയും അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുണ്ടായതെന്നുമാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം വിവാഹമോചനത്തെ കുറിച്ചുള്ള ജയം രവിയുടെ പോസ്റ്റ് തന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നുവെന്ന് ഭാര്യ ആര്‍തി രവി പറയുകയുണ്ടായി. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ആ ശ്രമങ്ങൾ പാഴായെന്നും ജയം രവിയുടെ പെട്ടെന്നുള്ള ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചെന്നും 18 വർഷത്തെ ബന്ധത്തിന് ശേഷം ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്പോൾ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നെന്നും ആര്‍തി കുറിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ജയം രവിയ്ക്കെതിരെ ആർതി സംസാരിച്ചത്.