നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഭാഗ്യം പരീക്ഷിക്കാൻ ദുൽഖറിന്റെ ലക്കി ഭാസ്കർ; ട്രെയ്‌ലർ പുറത്ത്
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31ന് ചിത്രം റിലീസ് ചെയ്യും. സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് സിനിമ കേരളത്തിലും ഗൾഫിലും വിതരണത്തിനെത്തിക്കുന്നത്.
ചിത്രത്തിൽ ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. മിഡിൽ ക്ലാസുകാരനായ ഭാസ്‌കർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അസാധാരണമായ സംഭവങ്ങളാണ് ട്രെയ്‌ലറിലൂടെ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് സിനിമയിൽ ദുൽഖറിന്റെ നായികയായെത്തുന്നത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസിന് എത്തുന്നത്. 2023 ൽ റിലീസായ ‘കിംഗ് ഓഫ് കൊത്ത’ ആയിരുന്നു ദുൽഖറിന്റെ അവസാന മലയാള ചിത്രം, അതിനാൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ലക്കി ഭാസ്കറിനായി കാത്തിരിക്കുന്നത്.