നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഇറങ്ങണം'; വെസ്റ്റ് ബാങ്കിലെ അൽ ജസീറ ഓഫീസിൽ ഇസ്രയേൽ റെയ്ഡ്;
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിലുള്ള അൽ ജസീറയുടെ ഓഫീസില്‍ ഇസ്രയേല്‍ റെയ്ഡ്. 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാന്‍ ഉത്തരവിട്ടതായും അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്തു. ആയുധധാരികളും മുഖംമൂടി ധരിച്ചതുമായ ഇസ്രയേലി സൈനികരാണ് റെയ്ഡിനെത്തിയത്. നെററ് വര്‍ക്കിന്‌റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അല്‍-ഒമാരിക്കാണ് ബ്യൂറോ അടക്കാനുള്ള ഉത്തരവ് കൈമാറിയത്. തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
'അൽ ജസീറയുടെ ബ്യൂറോ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ആയുധങ്ങളുമായി മുഖംമൂടി ധരിച്ച ഇസ്രയേലി സൈനികർ ബലമായി പ്രവേശിച്ചു. 45 ദിവസത്തെ അടച്ചുപൂട്ടൽ ഉത്തരവ് നെറ്റ്‌വർക്കിൻ്റെ വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ-ഒമാരിക്ക് ഇന്ന് പുലർച്ചെകൈമാറി. എല്ലാ ക്യാമറകളും എടുത്ത് ഈ നിമിഷം ഓഫീസിൽ നിന്ന് ഇറങ്ങാനാണ് ഇസ്രയേലി സൈനികൻ അറബിയിൽ ആവശ്യപ്പെട്ടത്. ഈ നടപടിയ്ക്ക് പിന്നിലെ കാരണം അവർ വ്യക്തമാക്കിയില്ല', അൽ ജസീറ റിപ്പോർട്ട് ചെയ്തു.
നടപടിയെ അൽ ജസീറ അപലപിച്ചു. ഈ ഏകപക്ഷീയമായ സൈനീക തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്ന് സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളും അടിസ്ഥാന ആവശ്യങ്ങളും ലംഘിക്കുന്ന ക്രമിനല്‍ പ്രവർത്തിയെന്നാണ് അൽ ജസീറ ഇസ്രയേലി സൈന്യത്തിൻ്റെ ഈ നടപടിയെ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് മെയ് മാസത്തിൽ അൽ ജസീറയെ രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ഇസ്രയേൽ നിരോധിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് റെയ്ഡ്. മെയ് മാസത്തിൽ അൽ ജസീറയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ജറുസലേമിലെ ഹോട്ടൽ മുറിയിലും ഇസ്രായേൽ അധികൃതർ റെയ്ഡ് നടത്തിയിരുന്നു.