നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
'ഇതിനേക്കാൾ മികച്ചത് ഞങ്ങൾ അർഹിക്കുന്നു'; ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട
ശനിയാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു എഫ് സിയോടും പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരാധകർ ക്ലബിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് ആരാധകകൂട്ടായ്മയായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ പരാജയങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. 'മഞ്ഞപ്പട' എന്നാൽ ആരാധക കൂട്ടായ്മയാണ്, മറിച്ച് ഉപഭോക്താക്കൾ അല്ല. ഞങ്ങളുടെ ആത്മാർത്ഥത ബിസിനസ് ആക്കാമെന്ന് കരുതരുത്. വാഗ്ദാനങ്ങൾ ലംഘിക്കുന്ന ക്ലബ്ബിന്റെ ഭാവിയിൽ ആശങ്കയുണ്ട്. ഉറക്കത്തിൽ നിന്ന് ഉണർന്ന് ചുറ്റും നടക്കുന്നത് എന്താണെന്ന് കാണുക. എത്ര നാൾ നിങ്ങൾ ഇങ്ങനെ നിശബ്ദമായിരിക്കും.' സമൂഹമാധ്യമങ്ങളിൽ മഞ്ഞപ്പട ആരാധകർ ചോദിച്ചു.
'ബ്ലാസ്റ്റേഴ്സിന് ഇത്രവലിയ ആരാധകകൂട്ടം ഉണ്ടായതിന് കാരണം മഞ്ഞപ്പടയുടെ പ്രയത്നങ്ങളാണ്. എന്നാൽ ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന് പകരമായി നിങ്ങൾ എന്താണ് നൽകിയിട്ടുള്ളത്. ഞങ്ങളുടെ ഭാഗം കൃത്യമായി ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങളുടെ ഭാഗത്ത് നിന്ന് എന്താണ് ചെയ്യുന്നത്.' മഞ്ഞപ്പട പ്രതികരിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു എഫ് സിയോടും പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരാധകർ ക്ലബിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ബെംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. എങ്കിലും ബ്ലാസ്റ്റേഴ്സിനായി വലിയ ആരാധകകൂട്ടം ശ്രീകണ്ഠീരവയിലേക്ക് എത്തിയിരുന്നു. മത്സരത്തിൽ ആദ്യം രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് പിന്നിലായി. പിന്നാലെ രണ്ട് ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. എങ്കിലും സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ബെംഗളൂരു രണ്ടിനെതിരെ നാല് ഗോളുകൾക്ക് മത്സരം വിജയിച്ചു. സീസണിൽ 11 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും രണ്ട് സമനിലയും ആറ് തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി ടേബിളിൽ 10-ാം സ്ഥാനത്താണ്.