Monday, December 23, 2024 2:42 PM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Sports
  3. തനിനാടൻ കോച്ചുകൾ: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ അഞ്ച് മലയാളി സഹപരിശീലകർ
തനിനാടൻ കോച്ചുകൾ: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ അഞ്ച് മലയാളി സഹപരിശീലകർ

Sports

തനിനാടൻ കോച്ചുകൾ: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ അഞ്ച് മലയാളി സഹപരിശീലകർ

September 24, 2024/Sports

തനിനാടൻ കോച്ചുകൾ: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ അഞ്ച് മലയാളി സഹപരിശീലകർ

കൊച്ചി > വിദേശികൾമാത്രമല്ല സൂപ്പർ ലീഗ്‌ കേരളയിൽ കളി മെനയാൻ മലയാളി പരിശീലകരുമുണ്ട്‌. ആറു ക്ലബ്ബുകളിൽ അഞ്ചിന്റെയും സഹപരിശീലകർ മലയാളികളാണ്‌. ജോപോൾ അഞ്ചേരിയും സതീവൻ ബാലനും ഉൾപ്പെടുന്ന പ്രഗത്ഭരുടെ നിര. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെ ചുമതലയുള്ള ബിബി തോമസും ഈ കൂട്ടത്തിലുണ്ട്‌. വിദേശ കോച്ചുമാർക്ക്‌ മലയാളിതാരങ്ങളെയും കേരള ഫുട്‌ബോളിനെയും പരിചയപ്പെടുത്താനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സഹായിക്കുന്നത്‌ ഇവരാണ്‌. പരിചയസമ്പന്നരും പുതുരക്തവും കൂടിച്ചേർന്ന ആ അഞ്ചു പരിശീലകരെ പരിചയപ്പെടാം. തിരുവനന്തപുരം കൊമ്പൻസിന്റെ കാളി അലാവുദീനാണ്‌ ഈ കൂട്ടത്തിൽപ്പെടാത്ത സഹപരിശീലകൻ.

*ജോപോൾ അഞ്ചേരി (ഫോഴ്‌സ കൊച്ചി)*

പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത മലയാളികളുടെ സ്വന്തം ജോപോൾ അഞ്ചേരി. കളത്തിൽ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ഇന്ത്യൻ മുൻ ക്യാപ്‌റ്റൻ ഫോഴ്‌സ കൊച്ചിയുടെ സഹപരിശീലകനാണ്‌. 2005ൽ കളി നിർത്തിയതുമുതൽ തൃശൂരുകാരൻ കമന്റേറ്ററുടെയും പരിശീലകന്റെയും വേഷത്തിലുണ്ട്‌. ഈഗിൾസ്‌ എഫ്‌സിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്‌ നാൽപ്പത്തെട്ടുകാരൻ.

*സതീവൻ ബാലൻ (തൃശൂർ മാജിക്‌ എഫ്‌സി)*

കേരള ഫുട്‌ബോളിൽ വിജയങ്ങൾ തീർത്ത പരിശീലകൻ. 2018ൽ സന്തോഷ്‌ ട്രോഫി ചാമ്പ്യൻമാരാക്കിയാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. കഴിഞ്ഞവർഷവും ചുമതലയിലുണ്ടായിരുന്നു തിരുവനന്തപുരംകാരൻ. കലിക്കറ്റ്‌ സർവകലാശാലയെ നാലുതവണ അഖിലേന്ത്യ സർവകലാശാല ചാമ്പ്യൻമാരുമാക്കി. ഇന്ത്യൻ അണ്ടർ 19 ടീമിന്റെയും ചുമതലവഹിച്ചു. ദേശീയ ടീമിനൊപ്പം വിവിധ പദവികളിലുമുണ്ടായി അമ്പത്തൊമ്പതുകാരൻ. ലീഗിലെ ഏറ്റവും പരിചയസമ്പന്നനായ സഹപരിശീലകൻ കൂടിയാണ്.

*ക്ലയോഫസ്‌ അലക്‌സ്‌ (മലപ്പുറം എഫ്‌സി)*

തിരുവനന്തപുരം സ്വദേശിയായ ക്ലയോഫസ്‌ അലക്‌സിന്റെ തട്ടകം തമിഴ്‌നാടായിരുന്നു. റിസർവ്‌ ബാങ്കിന്റെ പ്രതിരോധക്കാരനായിരുന്ന നാൽപ്പത്തേഴുകാരൻ 2007 മുതൽ പരിശീലകരംഗത്തുണ്ട്‌. തമിഴ്‌നാട്‌ ജൂനിയർ ടീമുകളുടെ ചുമതലവഹിച്ചു. 2018ൽ സന്തോഷ്‌ ട്രോഫി സഹപരിശീലകനുമായി. കഴിഞ്ഞ മൂന്നുവർഷമായി ഐഎസ്‌എൽ ക്ലബ്‌ ചെന്നൈയിൻ എഫ്‌സിയുടെ ടെക്‌നിക്കൽ ഡയറക്ടർ. അവരുടെ റിസർവ്‌ ടീമിന്റെ കോച്ചുമായിരുന്നു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) എ ലെെസൻസുകാരനാണ്.

*ബിബി തോമസ്‌ (കലിക്കറ്റ്‌ എഫ്‌സി)*

ഇന്ത്യയുടെ വിവിധ ജൂനിയർ ടീമുകളുടെ പരിശീലകനായിരുന്നു ബിബി തോമസ്‌. അണ്ടർ 16 പെൺകുട്ടികളുടെ ടീമിന്റെ ചുമതലയിലായിരുന്നു അവസാനം. അണ്ടർ 17, 19, 23 ടീമുകളുടെ സഹപരിശീലകസ്ഥാനവും വഹിച്ചു. കർണാടകത്തിന്റെ സന്തോഷ്‌ ട്രോഫി പരിശീലകനുമായിരുന്നു നാൽപ്പത്താറുകാരൻ. ഇന്ത്യയുടെ അണ്ടർ 21 ടീമിനായി കളിക്കുകയും ചെയ്‌തു.
നവംബറിൽ നടക്കുന്ന പുതിയ സീസൺ സന്തോഷ്‌ ട്രോഫിയിൽ കേരള ടീമിന്റെ കോച്ചാണ്‌ ഈ തൃശൂരുകാരൻ.

*എം ഷഫീഖ്‌ ഹസ്സൻ (കണ്ണൂർ വാരിയേഴ്‌സ്‌)*

വയനാട് ജില്ലാ ടീമിന്റെ പ്രതിരോധക്കാരനായിരുന്നു എം ഷഫീഖ് ഹസ്സൻ. 2012 മുതൽ പരിശീലകവേഷത്തിൽ. വയനാട് ജില്ലാ ടീമിന്റെ ചുമതലവഹിച്ചാണ് തുടക്കം. കലിക്കറ്റ്‌ സർവകലാശാല സഹപരിശീലകനുമായി. നാലുവർഷം ബംഗളൂരുവിലെ വിവിധ ക്ലബ്ബുകളുടെ ഭാഗമായി. കഴിഞ്ഞ മൂന്നുവർഷമായി ഐ ലീഗ് ടീം ശ്രീനിധി ഡെക്കാൺ റിസർവ് ടീമിന്റെ കോച്ച്. അവസാന സീസണിൽ തെലങ്കാന സന്തോഷ് ട്രോഫി സഹപരിശീലകനുമായി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ എ ലൈസൻസ് ഉടമകൂടിയാണ് മുപ്പത്തെട്ടുകാരൻ

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project