Monday, December 23, 2024 8:57 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Sports
  3. ക്രാന്തദര്‍ശിയായ ക്യാപ്റ്റന്‍; 9 വര്‍ഷത്തിന് ശേഷം രോഹിത്തെടുത്ത ആ തീരുമാനം ഈ ടെസ്റ്റ് ജയിപ്പിച്ചു
ക്രാന്തദര്‍ശിയായ ക്യാപ്റ്റന്‍; 9 വര്‍ഷത്തിന് ശേഷം രോഹിത്തെടുത്ത ആ തീരുമാനം ഈ ടെസ്റ്റ് ജയിപ്പിച്ചു

Sports

ക്രാന്തദര്‍ശിയായ ക്യാപ്റ്റന്‍; 9 വര്‍ഷത്തിന് ശേഷം രോഹിത്തെടുത്ത ആ തീരുമാനം ഈ ടെസ്റ്റ് ജയിപ്പിച്ചു

October 2, 2024/Sports

ക്രാന്തദര്‍ശിയായ ക്യാപ്റ്റന്‍; 9 വര്‍ഷത്തിന് ശേഷം രോഹിത്തെടുത്ത ആ തീരുമാനം ഈ ടെസ്റ്റ് ജയിപ്പിച്ചു

ഒരു ടെസ്റ്റ് ജയിക്കാന്‍ എത്ര ദിവസം വേണം? ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും കൂട്ടരോടുമാണ് ഈ ചോദ്യമെങ്കില്‍ രണ്ടര ദിവസംപോലും തികച്ചുവേണ്ട എന്നായിരിക്കും മറുപടി. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാംദിനം ഭാഗികമായും രണ്ട്, മൂന്ന് ദിനങ്ങള്‍ പൂര്‍ണമായും മഴ തടസ്സപ്പെടുത്തിയപ്പോള്‍ ഏതാണ്ട് സമനിലയിലേക്കാണ് പോക്കെന്ന് ഉറപ്പിച്ചതായിരുന്നു.

പക്ഷേ, മഴ കളിച്ച കളിയില്‍ രോഹിത്ത് ടെസ്റ്റിന്റെ ശൈലി മാറ്റിയതോടെ ഇന്ത്യ വിജയം കൈവരിച്ചു. ടെസ്റ്റിന്റെ തുടക്കത്തില്‍ ക്രാന്തദര്‍ശിയായ ക്യാപ്റ്റന്‍ എടുത്ത ഒരു തീരുമാനമാണ് ഈ വിജയത്തിനു പിന്നിലെന്നു പറയാം. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു എന്നതായിരുന്നു അത്. ഇന്ത്യ ബാറ്റിങ്ങായിരുന്നു തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഒരുപക്ഷേ, ഈ മത്സരം സമനിലയില്‍ കലാശിക്കുമായിരുന്നു. ബൗളിങ് തിരഞ്ഞെടുത്തതിനാല്‍ ബംഗ്ലാദേശിനെ വേഗത്തില്‍ എറിഞ്ഞുതകര്‍ത്ത് അതിനനുസരിച്ചുള്ള കളിശൈലി സ്വീകരിക്കാനായി.

ഹോം ഗ്രൗണ്ട് ടെസ്റ്റില്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടോസ് വിജയിച്ച ശേഷം ഇന്ത്യ ബൗളിങ്‌ തിരഞ്ഞെടുത്തത്. 2015-ല്‍ വിരാട് കോലി ക്യാപ്റ്റനായിരിക്കേ, ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ടോസ് നേടിയശേഷം ഇന്ത്യ അവസാനമായി ഹോംഗ്രൗണ്ട് ടെസ്റ്റില്‍ ബൗളിങ് തിരഞ്ഞെടുത്തത്. അതിനാല്‍ത്തന്നെ ഇത്രയുംവര്‍ഷത്തെ ഇടവേള കഴിഞ്ഞ് രോഹിത് ബൗളിങ് തിരഞ്ഞെടുത്തതില്‍ പലരും അദ്ഭുതം കൂറിയിരുന്നു.

കാന്‍പുരില്‍ ആദ്യമേ മഴ പ്രവചിക്കപ്പെട്ടിരുന്നതിനാല്‍ ബംഗ്ലാദേശിന്റെ കളിനീക്കങ്ങള്‍ക്കനുസരിച്ച് ശൈലി സ്വീകരിക്കാമെന്നായിരിക്കണം രോഹിത്തിന്റെ മനസ്സില്‍. അങ്ങനെ ആദ്യദിനം എറിയാന്‍ കഴിഞ്ഞത് 35 ഓവര്‍ മാത്രം. 107-ന് മൂന്ന് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. രണ്ടാംദിനം പൂര്‍ണമായ മഴയായതിനാല്‍ കളി നടന്നില്ല. മൂന്നാംദിനം മതിയായ വെയിലില്ലാതെ ഗ്രൗണ്ട് ഉണങ്ങാതായതോടെ അന്നും കളി ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് കിട്ടിയ രണ്ട് ദിവസം ഇന്ത്യ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ ബാറ്റിങ് പാടവത്തിനനുസരിച്ച് കളിയുടെ രീതി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഈ വിജയത്തിന്റെ ഹൈലൈറ്റ്. അതിന് കാരണമായതാവട്ടെ, ടോസിലെടുത്ത നിര്‍ണായകമായ ആ തീരുമാനവും. രോഹിത്തിലെ ഈ ക്യാപ്റ്റന്‍സി മികവ് നേരിട്ട് മനസ്സിലാക്കിയിട്ടുതന്നെയാവണം, അടുത്തവര്‍ഷം ചാമ്പ്യന്‍സ്‌ട്രോഫി വരെ രോഹിത് ടീമില്‍ തുടരുമെന്ന് ജയ്ഷാ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം മുന്‍പ് വ്യക്തമാക്കിയത്.

നാലാംദിനം ബംഗ്ലാദേശിനെ 233-ന് തകര്‍ത്ത ഇന്ത്യ തുടര്‍ന്ന് ടി20യെ അനുസ്മരിപ്പിക്കുന്ന വിധം ബാറ്റുവീശി. വേഗത്തില്‍ ലീഡ് നേടുകയായിരുന്നു ലക്ഷ്യം. രോഹിത് ആ ശൈലി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. രോഹിത്തിനൊപ്പം ജയ്‌സ്വാളല്ലേ കൂട്ട്. വേഗത്തിലാണ് ജയ്‌സ്വാള്‍ റണ്‍സുയര്‍ത്തിയത്. മൂന്നോവറില്‍ 50 റണ്‍സ്, 10.1 ഓവറില്‍ 100 റണ്‍സ്, 18.2 ഓവറില്‍ 150 റണ്‍സ്, 24.4 ഓവറില്‍ 200 റണ്‍സ്, മുപ്പതാം ഓവറില്‍ 250 റണ്‍സ് എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ഇതുവഴി അഞ്ച് റെക്കോഡുകളും പിറന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50, 100, 150, 200, 250 റണ്‍സ് താണ്ടുന്ന ടീമായി ഇന്ത്യ മാറി.

52 റണ്‍സിന്റെ ലീഡുമായി ഇന്ത്യ നാലാംദിനം ഒന്‍പത് വിക്കറ്റില്‍ നില്‍ക്കേ ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ച് രണ്ട് വിക്കറ്റുകളും നേടി. ബാക്കി വിക്കറ്റുകള്‍ അഞ്ചാംദിനം നേരത്തേ നേടുകയും ബംഗ്ലാദേശിനെ 146 റണ്‍സിന് ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ ബുംറ, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നത്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project