നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സൈനിക അഭ്യാസത്തിനിടെ ഇടത് ചിറകിടിച്ച് വീണ് ഓസ്‌പ്രേ,
സുപ്രധാന സൈനിക വിമാനങ്ങളെ തിരിച്ചുവിളിച്ച് ജപ്പാൻ
ടോക്കിയോ: ഭാരമേറിയ ചരക്കുകളുമായി ദീർഘദൂരം പറക്കാൻ കഴിയുന്ന സൈനിക വിമാനമായ ഓസ്‌പ്രേ വിമാനങ്ങളെ സർവ്വീസിൽ നിന്ന് തിരിച്ചിറക്കി ജപ്പാൻ. കഴിഞ്ഞ ഞായറാഴ്ച അമേരിക്കയുമൊത്തുള്ള സംയുക്ത അഭ്യാസ പ്രകടനത്തിനിടയിലുണ്ടായ അപകടത്തിന് പിന്നാലെയാണ് വി 22 ഓസ്പ്രേ വിമാനങ്ങളെ സർവ്വീസിൽ നിന്ന് പിൻവലിച്ചത്. ഞായറാഴ്ച മൂന്ന് അമേരിക്കൻ സൈനികർ അടത്തം 16 യാത്രക്കാരുമായ സൈനിക അഭ്യാസത്തിന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇടത് ചിറകിന്റെ വശത്തേക്ക് ചരിഞ്ഞ് നിലത്തിടിച്ച് വിമാനം താഴെ വീഴുകയായിരുന്നു. അപകടത്തിൽ ആളപായം സംഭവിച്ചില്ലെങ്കിലും വിമാനത്തിന് സാരമായ തകരാറ് സംഭവിച്ചിരുന്നു. ഹെലികോപ്റ്റർ പോലെ പറന്നുയരാനും ഇറങ്ങാനുമുള്ള കഴിവുള്ള ഇവയെ സൈനികരെ കൊണ്ടുപോകാനും സൈനിക ചരക്ക് കൈമാറ്റത്തിനുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ഓസ്പ്രേ വിമാനം ജപ്പാൻ തീരത്ത് തകർന്ന് വീണ് എട്ട് സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഈ വിമാനങ്ങളെ ഉപയോഗിക്കുന്നത് കുറവു വന്നിരുന്നു. എന്നാൽ ഈ വർഷം ആദ്യം വീണ്ടും ഇവയെ സജീവമായി സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. രണ്ട് ഡസനോളം ഓസ്പ്രേ വിമാനങ്ങളെയാണ് നിലത്തിറക്കിയിട്ടുള്ളത്. ഞായറാഴ്ചത്തെ അപകടത്തിൽ അന്വേഷണം നടക്കുമെന്ന് ആഭ്യന്തര മന്ത്രി ഗെൻ നകതാനി വിശദമാക്കിയിരുന്നു. ഓസ്പ്രേയിൽ വിശ്വാസം നഷ്ടമായിട്ടില്ലെങ്കിലും യാത്രയിലെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നാണ് നകതാനി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. യുഎസ് സൈന്യവുമായി ചേർന്നുള്ള കീൻ സ്വോർഡ് സംയുക്ത അഭ്യാസത്തിൽ പങ്കെടുത്ത ഓസ്പ്രേ വിമാനം അടക്കം പന്ത്രണ്ടോളം ഓസ്പ്രേ വിമാനങ്ങളാണ് നിലവിൽ പിൻവലിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നവംബറിൽ എട്ട് വ്യോമസേനാംഗങ്ങളുടെ മരണത്തിന് പിന്നിൽ പൈലറ്റിന്റെ അനാസ്ഥയും ഗിയർ ബോക്സിന്റെ തകരാറുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ അഭിമാനമായിട്ടുള്ള സൈനിക വിമാനമാണ് ഓസ്പ്രേ. ജപ്പാനിലെ യാക്കുഷിമ ദ്വീപിലെ കാഗോഷിമയിൽ നവംബർ 29നാണ് ഓസ്‌പ്രേ വിമാനം തകർന്ന് വീണത്. ഇതിന് പിന്നാലെ ഈ വിമാനങ്ങളുടെ ഉപയോഗം പെൻറഗൺ താൽക്കാലികമായി നിർത്തി വച്ചിരുന്നു. പിന്നീട് വളരെ ചെറിയ ദൂരങ്ങളിലേക്ക് അവശ്യ വസ്തുക്കൾ എത്തിക്കാനും സൈനികരെ മാറ്റാനും മാത്രമായി ഓസ്‌പ്രേ വിമാനത്തിന്റെ ഉപയോഗം അമേരിക്ക ചുരുക്കിയിരുന്നു. അമേരിക്കയ്ക്ക് പുറമേ ഈ വിമാനം ഉപയോഗിക്കുന്ന ഒരേയൊരു രാജ്യം ജപ്പാനാണ്. രണ്ട് പ്രൊപ്പല്ലറുകളോട് കൂടിയതാണ് ഓസ്‌പ്രേ വിമാനം. ബോയിംഗ് , ബെൽ ഹെലികോപ്ടറിന്റെ ടെക്സ്ട്രോൺ യൂണിറ്റ് എന്നിവ സംയുക്തമായാണ് ഓസ്‌പ്രേ വിമാനം നിർമ്മിച്ചത്.