നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
സൂപ്പര്‍ കൂളായി കെടിഎമ്മിന്റെ സൂപ്പര്‍ ബൈക്ക്; ഇന്ത്യയില്‍ അവതരിപ്പിച്ചു
കെടിഎമ്മിന്റെ പുതിയ സൂപ്പര്‍ ബൈക്കായ കെടിഎം 390 എന്‍ഡുറോ ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
കെടിഎമ്മിന്റെ പുതിയ സൂപ്പര്‍ ബൈക്കായ കെടിഎം 390 എന്‍ഡുറോ ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യ ബൈക്ക് വീക്ക് പരിപാടിയിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. പുതിയ 390 അഡ്വഞ്ചര്‍ എസ്സിനൊപ്പം കെടിഎം 390 എന്‍ഡ്യൂറോ ആര്‍ ജനുവരിയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. വില ഏകദേശം 3.30 ലക്ഷം മുതല്‍ 3.50 ലക്ഷം രൂപ വരെയായിരിക്കും
വ്യത്യസ്തമായ എല്‍ഇഡി ഹെഡ്‌ലാമ്പ്, ചെറിയ ഇന്ധന ടാങ്ക്, എന്‍ഡ്യൂറോ-സ്റ്റൈല്‍ നീളമുള്ള ടെയില്‍ എന്നിവയുള്ള ഒരു മിനിമലിസ്റ്റ് സ്റ്റൈല്‍ ആണ് ഇതിന്റെ പ്രധാന ഫീച്ചര്‍. ഫ്ലാറ്റ്, മോട്ടോക്രോസ് ശൈലിയിലുള്ള സീറ്റ്, പുള്‍ഡ്- ബാക്ക് ഹാന്‍ഡില്‍ബാര്‍ എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍. ഓഫ് റോഡ് റൈഡിന് അനുയോജ്യമായ രീതിയിലാണ് ബൈക്കിന്റെ ഡിസൈന്‍. 390 അഡ്വഞ്ചര്‍ ആറിന് സമാനമായി, 21/18 ഇഞ്ച് സ്‌പോക്ക് വീലിലാണ് കെടിഎം 390 എന്‍ഡ്യൂറോ ആര്‍ റൈഡ് ചെയ്യുന്നത്. ക്രമീകരിക്കാവുന്ന ലോംഗ്-ട്രാവല്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളിലും മോണോഷോക്കിലുമാണ് മോട്ടോര്‍സൈക്കിള്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നത്.
കെടിഎം 390 ഡ്യൂക്കിന് കരുത്ത് പകരുന്ന അതേ 399 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്. 45.3 ബിഎച്ച്പിയും 39 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കുന്ന എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് മോട്ടോര്‍ സൈക്കിള്‍ വരുന്നത്. ചെറിയ എല്‍സിഡി കണ്‍സോളും അടിസ്ഥാന സ്വിച്ച് ക്യൂബുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. എബിഎസ് സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയുന്ന ബട്ടണ്‍ സംവിധാനമാണ് മറ്റൊരു ഫീച്ചര്‍.