നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വിമാനങ്ങള്‍ക്കു നേരെ 48 മണിക്കൂറിനിടെ ആറ് ബോംബ് ഭീഷണികള്‍; അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 48 മണിക്കൂറിനിടെ ആറ് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി വന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളുടെ വിമാനങ്ങള്‍ക്കെതിരേ ബോംബ് ഭീഷണി വന്നത്. എക്‌സിലാണ് ഈ ബോംബ് ഭീഷണികള്‍ വന്നത്.
ഇന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എഐ127 വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലേക്ക് വഴി തിരിച്ചുവിടേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ച് കാനഡയിലെ ഇഖാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
ഇത് കൂടാതെ, സൗദി അറേബ്യയിലെ ദമാമില്‍ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6 ഇ 98 വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ജയ്പുരില്‍ ഇറക്കി. ജയ്പൂരില്‍ നിന്ന് അയോധ്യയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 765 വിമാനം അയോധ്യ വിമാനത്താവളത്തിലും അടിയന്തിരമായി ഇറക്കി.
തിങ്കളാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി വന്നത്. ഇതില്‍ രണ്ടെണ്ണം ഇന്‍ഡിഗോയുടേയും ഒന്ന് എയര്‍ ഇന്ത്യ വിമാനത്തിനും നേരെയാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞു. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ119 വിമാനം ന്യൂഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കി.