നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വായു മലിനീകരണം: ദില്ലി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി, കേന്ദ്രത്തെ പഴിച്ച് മുഖ്യമന്ത്രി
ദില്ലി: ദില്ലിയിലെ വായു മലിനീകരണത്തിൽ ദില്ലി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീത് നൽകി. അതേസമയം മലിനീകരണത്തോത് കൂടുന്നതിൽ കേന്ദ്രസർക്കാരിനെ പഴിക്കുകയാണ് ദില്ലി സർക്കാർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കൂടിയെന്നും മലിനീകരണത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി ആതിഷി കുറ്റപ്പെടുത്തി.
വായു മലിനീകരണത്തിൽ ശ്വാസം മുട്ടിയിരിക്കുകയാണ് ദില്ലി. അവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നുമുതലാണ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 ആണ് നടപ്പിലാക്കി തുടങ്ങിയത്. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്. 10, 12 ക്ലാസുകൾ ഒഴികെയുള്ളവർക്ക് ക്ലാസുകൾ ഓൺലൈൻ ആക്കി. 9, 11 ക്ലാസുകൾ വരെയുള്ള വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനിയൊരു ഉത്തരവ് വരെ ഇത് തുടരും. അവശ്യസേവനങ്ങൾക്ക് അല്ലാതെ എത്തുന്ന ട്രക്കുകൾക്ക് ദില്ലിയിലേക്ക് പ്രവേശനമില്ല. ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷനുകൾ അവതരിപ്പിച്ചേക്കാമെന്ന് പാനൽ പറഞ്ഞു.കാഴ്ചപരിധി കുറഞ്ഞതിനാൽ ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളും വൈകുകയാണ്.