നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ലോകകപ്പ് യോഗ്യതാ മത്സരം: അർജന്റീനയ്ക്കും ബ്രസീലിനും ഞെട്ടിക്കുന്ന തോൽവി
ബൊഗോട്ട: ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീനയ്ക്കും ബ്രസീലിനും തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹാമിഷ് റോഡ്രിഗസും സംഘവും അർജന്റീനയെ തകർത്ത് വിട്ടത്. കൊളംബിയക്കായി യേഴ്സൺ മൊസ്ക്വേറ, ഹാമിഷ് റോഡ്രിഗസ് എന്നിവർ ഗോൾ നേടിയപ്പോൾ നിക്കളാസ് ഗോൺസാലസിന്റെ വകയായിരുന്നു അർജന്റീനയുടെ ആശ്വാസഗോൾ. സൂപ്പർ താരം ലയണൽ മെസിയില്ലാതെ ഇറങ്ങിയ അർജന്റീനൻ നിരയിൽ ജൂലിയൻ അൽവാരസും ലൗറ്റാറോ മാർട്ടിനസുമാണ് മുന്നിൽ നിന്ന് നയിച്ചത്. കൊളംബിയക്കായി ഹാമിഷ് റോഡ്രിഗസും ലൂയിസ് ഡയസും ഡുറാനും ആക്രമണം നയിച്ചു.
25ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കോർണർ കിക്കിനെ തുടർന്ന് ജെയിംസ് റോഡ്രിഗസ് ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് തകർപ്പൻ ഹെഡറിലൂടെ യേഴ്സൺ മൊസ്ക്വേറ അർജന്റീന വലയിലെത്തിക്കുകയായിരുന്നു. ഇടവേള കഴിഞ്ഞെത്തിയയുടൻ അർജന്റീന ഗോൾ തിരിച്ചടിച്ചു. കൊളംബിയൻ പ്രതിരോധത്തിന്റെ പിഴവിൽ ബോൾ പിടിച്ചെടുത്ത നിക്കളാസ് ഗോൺസാലസ് ഒറ്റക്ക് കുതിച്ച് ഗോൾകീപ്പറുടെ കാലിനിടയിലൂടെ പന്ത് പോസ്റ്റിനുള്ളിലാക്കുകയായിരുന്നു. പെനാൽറ്റിയിൽ നിന്നായിരുന്നു കൊളംബിയയുടെ വിജയഗോൾ. അർജന്റീന ബോക്സിൽ മുനോസിനെ ഒട്ടാമെൻഡി വീഴ്ത്തിയപ്പോൾ ‘വാർ’ പരിശോധനയിൽ പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഹാമിഷ് റോഡ്രിഗസ് പിഴവില്ലാതെ പന്ത് വലയിലെത്തിച്ചു.
അതേ സമയം എതിരില്ലാത്ത ഒറ്റ ഗോളിനാണ് പരാഗ്വെ ബ്രസീലിനെ തോൽപ്പിച്ചത്. വിനീഷ്യസ് ജൂനിയറിനെയും എൻഡ്രികിനെയും റോഡ്രിഗോയെയും മുന്നേറ്റത്തിൽ അണിനിരത്തിയിറങ്ങിയ ബ്രസീൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും ഗോൾ നേടാനായില്ല. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു പരാഗ്വെയുടെ ആക്രമണം. 20ാം മിനിറ്റിലായിരുന്നു പരാഗ്വെയുടെ ഗോൾ വരുന്നത്. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ച ഡിയോഗോ ഗോമസ് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ശേഷം ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഡസൻ കണക്കിന് ശ്രമങ്ങൾ നടത്തിയെങ്കിലും പരാഗ്വെ പ്രതിരോധം പതറാതെ നിന്നു.