നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
റെയ്ഡിനിടെ ബിജെപി നേതാവിനോട് സംസാരിക്കുന്ന ചിത്രം; മറുപടിയുമായി ടി വി രാജേഷ്
പാലക്കാട്: പാലക്കാട്ടെ പൊലീസ് റെയ്ഡിനിടെ താൻ ബിജെപി നേതാവിനോട് സംസാരിക്കുന്നു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ച് വിശദീകരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ടി വി രാജേഷ്. റെയ്ഡ് നടക്കുമ്പോൾ അതേ ഹോട്ടലിലുണ്ടായിരുന്ന തന്നോട് പലരും വന്ന് സംസാരിച്ചിരുന്നുവെന്നും അതിൽ ആരാണ് ബിജെപി നേതാവെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും രാജേഷ് വ്യക്തമാക്കി. കോൺഗ്രസുകാർക്ക് അറിയാവുന്നത് പോലെ ഞങ്ങൾക്ക് ബിജെപി നേതാക്കളെ അറിയില്ലെന്നും ടി വി രാജേഷ് കുറിച്ചു. സിപിഎം - ബിജെപി തിരക്കഥയാണ് റെയ്ഡെന്ന പ്രചാരണത്തിനെതിരെയാണ് ടി വി രാജേഷ് രംഗത്തെത്തിയത്.
കോണ്‍ഗ്രസ് നേതാക്കളുടെ മുറികൾ മാത്രമല്ല പരിശോധിച്ചതെന്നും തന്‍റെ മുറിയും പരിശോധിച്ചിട്ടുണ്ടെന്നും ടി വി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരിശോധനയാണെന്ന് പറഞ്ഞപ്പോൾ താൻ മുറിക്ക് പുറത്തേക്കിറങ്ങി കൊടുത്തെന്നും രാജേഷ് പറഞ്ഞു. എംഎൽഎ ആയിരിക്കുന്ന സമയത്തൊക്കെ ഇതുപോലുള്ള പരിശോധനകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി കെ ശ്രീമതി ടീച്ചറുടെ മുറി പരിശോധിക്കാതെയാണ് പൊലീസ് ഷാനിമോൾ ഉസ്മാന്‍റെ മുറിയിലേക്ക് പോയതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനക്കെതിരെയും ടി വി രാജേഷ് രംഗത്തെത്തി. താൻ താമസിക്കുന്നതിന്‍റെ അടുത്ത മുറിയാണ് പി കെ ശ്രീമതി ടീച്ചറുടേത്. ടീച്ചർ മൂന്ന് ദിവസമായി ദില്ലിയിൽ ആയതിനാൽ മുറി ഒഴിഞ്ഞുകിടക്കുകയാണെന്നും ടി വി രാജേഷ് പറഞ്ഞു. ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനും കുഴപ്പങ്ങളുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒന്നും മറച്ചുപിടിക്കാനും ഒളിച്ചുവെക്കാനും മാറ്റിവെക്കാനും ഇല്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ബഹളം വെക്കുന്നതെന്നും ടി വി രാജേഷ് ചോദിക്കുന്നു. ഹോട്ടലിലെയും ഹോട്ടലിന് പുറത്തുള്ള സിസിടിവികളും വിശദമായി പരിശോധിക്കണമെന്ന് ടി വി രാജേഷ് ആവശ്യപ്പെട്ടു.
കുറിപ്പിന്‍റെ പൂർണരൂപം
ഒന്നും മറച്ചുപിടിക്കാനും ഒന്നും ഒളിച്ചുവെക്കാനും
ഒന്നും മാറ്റിവെക്കാനും ഇല്ലെങ്കിൽ
എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്.?
കുറച്ചുദിവമായി പാലക്കാടാണുള്ളത്. എല്ലാദിവസവും രാവിലെ 7 മണി മുതൽ ഞങ്ങൾ തെരഞ്ഞെടുപ്പ് സ്ക്വാഡ് പ്രവർത്തനം ആരംഭിക്കും. വൈകിട്ട് വരെ പ്രവർത്തനം തുടരും. പതിവ് പോലെ ഇന്നലെയും വൈകിട്ട് പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് റൂമിലെത്തിയത്. ഭക്ഷണം കഴിച്ച് രാത്രി 11.15 ആകുമ്പോഴേക്കും കിടന്നു. നല്ല ക്ഷീണം ഉണ്ടായതുകൊണ്ട് വളരെ വേഗം ഉറങ്ങിപ്പോയി.
ഹോട്ടലിലെ ആദ്യത്തെ മുറിയിലാണ് ഞാൻ താമസിക്കുന്നത്. ഒരു 11.45 ആകുമ്പോൾ കോളിംഗ് ബെൽ ശബ്ദം. എഴുന്നേറ്റ് മുറി തുറന്നപ്പോൾ വരാന്തയിൽ കുറച്ചുപോലീസുകാരുണ്ട്. പോലീസുകാർ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. മാധ്യമപ്രവർത്തകരോ കോൺഗ്രസുകാരോ അങ്ങനെ മറ്റാരെയും ആ സമയത്ത് അവിടെ കണ്ടിട്ടില്ല.
പോലീസുകാരോട് എന്താണ് കാര്യമെന്ന് ചോദിച്ചു. മുറി പരിശോധിക്കണമെന്ന് അവർ പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചു. ഇൻഫർമേഷൻ ഉണ്ടെന്നും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പരിശോധനയാണെന്നും മറുപടി ലഭിച്ചു. ഞാൻ മുറിക്ക് പുറത്തേക്കിറങ്ങിക്കൊടുത്തു. എംഎൽഎ ആയിരിക്കുന്ന സമയത്ത് ഒക്കെ ഇതുപോലുള്ള പരിശോധനകൾ ഉണ്ടായിട്ടുണ്ട് എന്നത് കൊണ്ട് എനിക്ക് അതിൽ വലിയ പുതുമയൊന്നും തോന്നിയില്ല.
അവർ പരിശോധന ആരംഭിച്ചു. മുറിയെല്ലാം പരിശോധിച്ചുകഴിഞ്ഞപ്പോൾ അവർ എൻ്റെ പെട്ടി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാൻ പെട്ടി തുറന്ന് കൊടുത്തു. പെട്ടിയിലെ തുണികളെല്ലാം എടുത്ത് മാറ്റി വളരെ വിശദമായി അവർ പരിശോധന നടത്തി. അതിന് ശേഷം അവർ മുറിക്ക് പുറത്തേക്ക് പോയി. ഞാൻ വീണ്ടും വാതിലടച്ച് കിടന്നു. ഒന്ന് മയങ്ങിവന്നപ്പോഴേക്കും മുറിക്ക് പുറത്ത് വലിയ ബഹളം.
വാതിൽ തുറന്ന് നോക്കിയപ്പോൾ വരാന്തയിൽ നിറയെ ആളുകൾ. ഷാനിമോൾ ഉസ്മാൻ്റെ മുറിക്ക് പുറത്ത് വലിയ ബഹളം. മാധ്യമ പ്രവർത്തകരും കോൺഗ്രസ് നേതാക്കൻമാരും പ്രവർത്തകരും പോലീസ് ഓഫീസർമാരേക്കാൾ എണ്ണത്തിൽ കൂടുതലായിരുന്നു അവിടെ. പോലീസുകാരോട് കര്യങ്ങൾ സംസാരിക്കുന്നതിന് പകരം ബഹളം ഉണ്ടാക്കാനും സംഘർഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് അവിടെ കണ്ടത്.
"എൻ്റെ മുറി പരിശോധിച്ചതാണ്. അവർ പരിശോധന നടത്തി പൊയ്ക്കോളൂം, അവരുടെ ഡ്യൂട്ടിയാണ്" എന്നൊക്കെ ഞാൻ പറയുന്നുണ്ടായിരുന്നെങ്കിലും അവരാരും തന്നെ അത് ശ്രദ്ധിച്ചതേയില്ല. ഇതിനിടയിൽ പലരും എൻ്റെയടുത്ത് വന്ന് സംസാരിച്ചു. അവരോടെല്ലാം ഞാനിത് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
രാവിലെ നോക്കിയപ്പോൾ ടി വി രാജേഷ് ബിജെപി നേതാവുമായി സംസാരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഒരാളുമായി സംസാരിച്ചുനിൽക്കുന്ന ഒരു ചിത്രം യുഡിഎഫുകാർ പ്രചരിപ്പിക്കുന്നതാണ് കണ്ടത്. ഇതിനിടയിൽ ഇവർക്ക് ഇതൊക്കെ ഫോട്ടോയെടുക്കാനും സമയം കിട്ടിയിരുന്നു എന്നോർക്കുമ്പോഴാണ് അത്ഭുതം. ആ സമയത്ത് എന്നോട് പലരും അവിടെ വന്ന് സംസാരിച്ചിരുന്നു. അതിൽ ആരാണ് ബിജെപി നേതാവെന്ന് പോലും ഇപ്പോഴും മനസിലായിട്ടില്ല. എന്തായാലും കോൺഗ്രസുകാർക്ക് അറിയാവുന്നത് പോലെ ഞങ്ങൾക്ക് ബിജെപി നേതാക്കളെ അറിയില്ല.
പി കെ ശ്രീമതി ടീച്ചറുടെ മുറി പരിശോധിക്കാതെയാണ് പോലീസ് ഷാനിമോൾ ഉസ്മാൻ്റെ മുറിയിലേക്ക് പോയതെന്ന് ഇന്ന് പ്രതിപക്ഷനേതാവ് പറയുന്നത് കേട്ടു. ഞാൻ താമസിക്കുന്നതിൻ്റെ അടുത്ത മുറിയാണ് സഖാവ് പി കെ ശ്രീമതി ടീച്ചറുടേത്. ടീച്ചർ മൂന്ന് ദിവസമായി ഡൽഹിയിൽ ആയതിനാൽ മുറി ഒഴിഞ്ഞുകിടക്കുകയാണ്.
ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനും കുഴപ്പങ്ങളുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് ഇന്നലെ രാത്രി പാലക്കാട് ഉണ്ടായത്. അതിൽ ദുരൂഹതയുണ്ട്. ഒന്നും മറച്ചുപിടിക്കാനും ഒന്നും ഒളിച്ചുവെക്കാനും ഒന്നും മാറ്റിവെക്കാനും ഇല്ലെങ്കിൽ എന്തിനാണ് ഇങ്ങനെ ബഹളം വെക്കുന്നത്? ഹോട്ടലിലെയും ഹോട്ടലിന് പുറത്തുള്ള സിസിടിവികളും വിശദമായി പരിശോധിക്കണം. പോലീസ് തുടരന്വേഷണം ഊർജ്ജിതമാക്കണം.