നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
രണ്ടാം ഇന്നിംഗ്സിലും കൂട്ടത്തകർച്ച, പൂനെയിലും ഇന്ത്യ തോല്‍വിയിലേക്ക്, പരമ്പര നഷ്ടമെന്ന നാണക്കേടിന്‍റെ വക്കിൽ
പൂനെ: ന്യബസിലന്‍ഡിനെതിരാ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലാണ്. ഒമ്പത് റണ്‍സോടെ ആര്‍ അശ്വിനും നാലു റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍. മൂന്ന് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്കിനിയും ജയിക്കാന്‍ 181 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകര്‍ത്ത മിച്ചല്‍ സാന്‍റ്നര്‍ തന്നെയാണ് അഞ്ച് വിക്കറ്റുമായി ഇന്ത്യയെ കറക്കി വീഴ്ത്തിയത്.
359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ആറാം ഓവറിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(8) നഷ്ടമായിരുന്നെങ്കിലും യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. എന്നാല്‍ ലഞ്ചിനുശേഷം ശുഭ്മാന്‍ ഗില്ലിനെ(23) സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്‍റെ കൈകളിലെത്തിച്ച സാന്‍റ്നറാണ് ഇന്ത്യയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്.വിരാട് കോലിയും യശസ്വിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും 65 പന്തില്‍ 77 റണ്‍സെടുത്ത ജയ്സ്വാളിനെ സ്കോര്‍ 127ൽ എത്തിയപ്പോള്‍ സാന്‍റ്നര്‍ സ്ലിപ്പില്‍ മിച്ചലിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച തുടങ്ങി. ജയ്സ്വാള്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് വിരാട് കോലിയുമായുള്ള ധാരണപ്പിശകില്‍ ഒരു റണ്‍പോലും എടുക്കാനാകാതെ റണ്ണൗട്ടായി.
സ്ഥാനക്കയറ്റം കിട്ടിയ വാഷിംഗ്ടണ്‍ സുന്ദര്‍ പിടിച്ചു നിന്നെങ്കിലും റണ്ണെടുക്കാന്‍ പാടുപെട്ട കോലിയെ ഒടുവില്‍ സാന്‍റ്നര്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 17 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. സര്‍ഫറാസ് ഖാനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒമ്പത് റണ്‍സെടുത്ത സര്‍ഫറാസിനെ ക്ലീന്‍ ബൗള്‍ഡാക്കി സാന്‍റ്നര്‍ അഞ്ച് വിക്കറ്റ് തികച്ചു. പിന്നാസെ വാഷിംഗ്ടണ്‍ സുന്ദറെ ഡാരില്‍ മിച്ചല്‍ ഷോര്‍ട്ട് ലെഗ്ഗില്‍ വില്‍ യങ്ങിന്‍റെ കൈകലിലെത്തിച്ചതോടെ 127-2ല്‍ നിന്ന് ഇന്ത്യ 167-7ലേക്ക് കൂപ്പുകുത്തി. 40 റണ്‍സെടുക്കുന്നതിനെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യ പൂനെയില്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ്. പൂനെയിലും തോറ്റാല്‍ 12 വര്‍ഷത്തിനുശേഷം നാട്ടില്‍ പരമ്പര നഷ്ടമെന്ന നാണക്കേട് ഇന്ത്യയുടേ പേരിലാവും. നാട്ടില്‍ തുടര്‍ച്ചയായി 18 ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷമാണ് ഇന്ത്യ പരമ്പര കൈവിടാന്‍ പോവുന്നത്.